കേന്ദ്ര സര്‍ക്കാര്‍ ക്ഷേത്ര കമ്മിറ്റിയില്‍ ഹിന്ദുക്കളല്ലാത്തവരെ ഉള്‍പ്പെടുത്തുമോയെന്ന് ശിവസേന ഉദ്ധവ് വിഭാഗം എംപി അരവിന്ദ് സാവന്ത്. കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിനെതിരെ സംസാരിക്കുകയായിരുന്നു അരവിന്ദ് സാവന്ത്. വഖഫ് ബോര്‍ഡില്‍ മുസ്ലീങ്ങളല്ലാത്തവരെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്ന കേന്ദ്രം ക്ഷേത്ര കമ്മിറ്റികളില്‍ ഹിന്ദുക്കളല്ലാത്തവരെ അനുവദിക്കുമോ എന്നായിരുന്നു അരവിന്ദ് സാവന്തിന്റെ ചോദ്യം.
കേന്ദ്രത്തിന്റെ പരാജയങ്ങള്‍ മറച്ചുവയ്ക്കാനാണ് പുതിയ ബില്ല് കൊണ്ടുവന്നതെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടു. കുംഭമേളയിലെ മരണസംഖ്യ മറച്ചുവയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ വഖഫ് ഭേദഗതി ബില്‍ അവതരിപ്പിച്ചിരിക്കുന്നത്. വഖഫ് സ്വത്തുക്കള്‍ മുസ്ലിം സമൂഹത്തിന്റെ നട്ടെല്ലാണെന്നും അവ കൈക്കലാക്കാനാണ് നിര്‍ദിഷ്ട വഖഫ് ഭേദഗതി ബില്ലിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജി ആരോപിച്ചു.
വഖഫ് ഭേദഗതി ബില്ലിന്റെ മറവില്‍, സര്‍ക്കാര്‍ വഖഫ് ബോര്‍ഡുകളുടെ വ്യത്യസ്ത വിഭാഗങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. വഖഫ് ബോര്‍ഡുകള്‍ക്കുള്ളില്‍ വിവിധ വിഭാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള വര്‍ഗീകരണങ്ങള്‍ ഭരണകക്ഷിയുടെ ദുഷ്ടലക്ഷ്യത്തെ സൂചിപ്പിക്കുന്നുവെന്നും ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.
Read more
വഖഫ് ബില്‍ സ്വേച്ഛാധിപത്യപരവും ഭരണഘടനാ വിരുദ്ധവുമെന്നായിരുന്നു എസ്പി എംപി രാം ഗോപാല്‍ യാദവിന്റെ പരാമര്‍ശം. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഞങ്ങള്‍ കൈവിടില്ല. ഇന്‍ഡ്യ സഖ്യം ഒറ്റക്കെട്ടായി ഈ ബില്ലിനെ എതിര്‍ക്കുന്നുവെന്നായിരുന്നു ഡിഎംകെ എംപി കനിമൊഴി സഭയില്‍ പറഞ്ഞത്.