'വിചിത്ര പ്രസ്താവനകള്‍ നടത്തിയാല്‍ സാമ്പത്തികാവസ്ഥയില്‍ പുരോഗതി ഉണ്ടാകില്ല'; മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹ

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെതിരെ മുന്‍ ധനമന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹ. വിചിത്ര പ്രസ്താവനകള്‍ നടത്തിയതുകൊണ്ട് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നല്ലാതെ സാമ്പത്തികാവസ്ഥയില്‍ പുരോഗതി ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഒല, ഊബര്‍ എന്നീ ഓണ്‍ലൈന്‍ ടാക്‌സികളാണു വാഹന വിപണിയുടെ തകര്‍ച്ചയ്ക്കു കാരണമെന്ന ധനമന്ത്രിയുടെ പ്രസ്താവനക്കെതിരെയാണു യശ്വന്ത് സിന്‍ഹ രംഗത്തെത്തിയത്. ഒലയും ഊബറുമാണു വാഹനവിപണിയുടെ തകര്‍ച്ചയ്ക്കു കാരണമെങ്കില്‍ എങ്ങനെയാണു ട്രക്കുകളുടെ വില്‍പന ഇടിഞ്ഞതെന്നു സിന്‍ഹ ചോദിച്ചു.

Read more

ദുബായിലേതുപോലെ മെഗാ ഷോപ്പിങ് ഫെസ്റ്റിവല്‍ നടത്തുന്നതിനെ സിന്‍ഹ ചോദ്യം ചെയ്തു. യുഎഇയുടെയും ഇന്ത്യയുടെയും സാമ്പത്തികാവസ്ഥ വ്യത്യസ്തമാണ്. കര്‍ഷര്‍ക്കു പുരോഗതിയുണ്ടായാല്‍ മാത്രമെ ഇന്ത്യന്‍ സമ്പദ് രംഗത്തു മാറ്റമുണ്ടാകൂ. ജിഡിപി എട്ട് ശതമാനമെങ്കിലും വളരേണ്ടതുണ്ട്. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ 5% വളര്‍ച്ചയാണുള്ളത്. 3% കുറവുണ്ടായതിലൂടെ ആറുലക്ഷം കോടിയുടെ നഷ്ടമാണ് ഈ കാലയളവിലുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.