'ഭീകരവാദം ഉപയോഗിച്ച് നിങ്ങൾക്ക് ഒരിക്കലും വിജയിക്കാനാകില്ല'; പാക്കിസ്ഥാന് മോദിയുടെ മുന്നറിയിപ്പ്

കാർഗിൽ യുദ്ധ വിജയത്തിൻ്റെ സ്മരണയ്ക്കിടെ സൈനികരുടെ ത്യാഗത്തെ സ്മരിച്ചും പാകിസ്ഥാനെ വിമർശിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം. കാർഗിലിലേത് കേവലം യുദ്ധ വിജയം മാത്രമല്ല, പാകിസ്ഥാൻ ചതിക്കെതിരായ ജയമാണെന്ന് മോദി പറഞ്ഞു. ഭീകരവാദം ഉപയോഗിച്ച് നിങ്ങൾക്ക് വിജയിക്കാനാകില്ലെന്നും പാകിസ്ഥാന് മോദി മുന്നറിയിപ്പ് നൽകി. ലഡാക്കിലെ കാർഗിൽ യുദ്ധസ്മാരകത്തിൽ പുഷ്പ ചക്രം അർപ്പിച്ച ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

കാർഗിലിൽ വീരമൃത്യുവരിച്ച സൈനികർ അമരൻമാരാണ്. കാർഗിലിലേത് കേവലം യുദ്ധ വിജയം മാത്രമല്ല, പാകിസ്ഥാൻ ചെയ്ത ചതിയ്ക്ക് എതിരായ ജയം കൂടിയാണ്. എന്നാൽ അനുഭവത്തിൽ നിന്ന് പാകിസ്ഥാൻ പാഠം പഠിച്ചില്ല. വീരമൃതു വരിച്ച ഓരോ സൈനികൻ്റെയും ത്യാഗം രാജ്യം സ്മരിക്കുന്നു. ഓർമ്മകൾ ഇങ്ങനെ മിന്നി മറയുകയാണ്. കേവലം യുദ്ധത്തിൻ്റെ വിജയം മാത്രമല്ല കാർഗിലേതെന്നും പാകിസ്ഥാൻ്റെ ചതിക്കെതിരായ, ഭീകരവാദത്തിനെതിരെയായ വിജയമാണ് അതെന്ന് മോദി കൂട്ടിച്ചേർത്തു.

പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങളാണ് നടക്കുന്നത്. അഗ്നിപഥ് പദ്ധതി സേനയെ യുവത്വവൽക്കരിക്കാനാണ്. എന്നാൽ ചിലർ ഇതിനെ തങ്ങളുടെ രാഷ്ട്രീയത്തിനായി ഉപയോഗിച്ചു. സൈനികരെ കാവൽ ജോലിക്കായി മാത്രം കണ്ടവരാണ് ഇത് ചെയ്തത്. എനിക്ക് രാജ്യമാണ് വലുത്. രാഷ്ട്രീയത്തിനല്ല രാഷ്ട്രത്തിനായി ഞങ്ങൾ പ്രവർത്തിക്കുന്നത്. രാജ്യത്തെ യുവാക്കളെ കളിപ്പാവകൾ ആക്കുകയാണ് ചിലർ. ദേശീയ സുരക്ഷയെ രാഷ്ട്രീയത്തിനായി ഉപയോഗിക്കരുതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

അഗ്നിപഥ് പദ്ധതിയെ കുറിച്ചും കശ്മീരിന് പ്രത്യേക അധികാരം നൽകിയിരുന്നു ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ കുറിച്ചും മോദി പ്രസംഗത്തിൽ പരാമർശിച്ചു. അഗ്നിപഥ് പദ്ധതിയിൽനിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി വിഷയം രാഷ്ട്രീയ വത്കരിക്കാനാണ് ചിലർ ശ്രമിക്കുന്നത് എന്നും ആരോപിച്ചു. അഗ്നിപഥ് പദ്ധതിയിലുടെ സൈന്യത്തിന് യുവത്വം നൽകാനാണ് ശ്രമിക്കുന്നത്. മുൻപ് സൈന്യത്തിന് നീക്കിവച്ച സാമ്പത്തിക വിഹിതം പോലും കൊള്ളയടിച്ചവരാണ് ഇന്ന് പരിഷ്‌കരണത്തെ എതിർക്കുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

ലഡാക്കിലും ജമ്മു കാശ്മീരിലും ടൂറിസം മേഖലയും അതിവേഗം വളരുകയാണ്, ദശാബ്ദങ്ങൾക്ക് ശേഷം കശ്മീരിൽ ഒരു സിനിമാ ഹാൾ തുറന്നു, താസിയ ഘോഷയാത്ര ശ്രീനഗറിൽ ആരംഭിച്ചു, ഭൂമിയിലെ നമ്മുടെ സ്വർഗ്ഗം സമാധാനത്തിലേക്കും ഐക്യത്തിലേക്കും അതിവേഗം നീങ്ങുകയാണ്’- പ്രധാനമന്ത്രി അവകാശപ്പെട്ടു.