ഇത്രയ്ക്ക് ഊതി പെരുപ്പിക്കണോ? എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാന്‍ ശ്രമിച്ച 'എമ്പുരാന്‍'; റിലീസിന് മുമ്പ് ആ നേട്ടവും

ഒരു മലയാള സിനിമയ്ക്ക് ഇതിലും വലിയ ഹൈപ്പ് കിട്ടാനില്ല. മാര്‍ച്ച് 27 എന്നൊരു ദിവസത്തിനായി സിനിമാപ്രേമികള്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി. ആറ് വര്‍ഷം നീണ്ട കാത്തിരിപ്പിനാണ് വിരമാമാകാന്‍ പോകുന്നത്. അബ്രാം ഖുറേഷി പറയാന്‍ ബാക്കി വച്ചതിനായി വര്‍ഷങ്ങളും, മാസങ്ങളും, ദിവസങ്ങളും എണ്ണി കാത്തിരുന്ന സിനിമാപ്രേമികള്‍ വമ്പന്‍ വിഷ്വല്‍ ട്രീറ്റ് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

2006ല്‍ ആയിരുന്നു ആദ്യമായി തന്റെ വലിയൊരു സ്വപ്നത്തെ കുറിച്ച് പൃഥ്വിരാജ് ഒരു അഭിമുഖത്തില്‍ മനസ് തുറന്നത്. മലയാള സിനിമയുടെ അംബാസിഡര്‍ ആകണം. തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ എല്ലാ ഭാഷകളിലും അഭിനയിക്കണം എന്നൊക്കെയായിരുന്നു പൃഥ്വിരാജിന്റെ വാക്കുകള്‍. ഈ സ്വപ്‌നങ്ങളൊക്കെ പടിപടിയായി തന്നെ താരം യാഥാര്‍ത്ഥ്യമാക്കി. 2019 മാര്‍ച്ച് 28ന് ആണ് മോഹന്‍ലാല്‍-പൃഥ്വിരാജ് കോമ്പോയില്‍ ‘ലൂസിഫര്‍’ റിലീസാകുന്നത്. മോഹന്‍ലാലിന്റെ താരമൂല്യം പരമാവധി പ്രയോജനപ്പെടുത്തി എത്തിയ ലൂസിഫര്‍ സമാനതകളില്ലാത്ത വിജയമാണ് സ്വന്തമാക്കിയത്. ലൂസിഫറിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയ കഥാപാത്രങ്ങളുടെ ഭൂതകാലവും അവരുടെ പിന്നീടുള്ള യാത്രയുമാണ് എമ്പുരാനില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

സ്റ്റീഫന്‍ നെടുമ്പള്ളിക്ക് മറ്റൊരു പേരും, മറ്റൊരു ലോകവും ഉണ്ടെന്ന് കാണിച്ചു കൊണ്ടാണ് ലൂസിഫര്‍ അവസാനിക്കുന്നത്. രണ്ടാം ഭാഗത്തിലേക്ക് കടക്കുമ്പോള്‍ ആ ലോകം കൂടുതലായി അവതരിപ്പിക്കും. 2019ല്‍ ലൂസിഫര്‍ പ്രേക്ഷകരെ കൈയ്യിലെടുത്തത് മുതല്‍ ഇതുവരെ ‘എമ്പുരാന്‍’ സിനിമയുടെ ഹൈപ്പ് നിലനിര്‍ത്തി കൊണ്ടുപോകാന്‍ സംവിധായകന്‍ പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളി ഗോപിയും മോഹന്‍ലാലും മറ്റ് അണിയറപ്രവര്‍ത്തകരും ശ്രദ്ധിച്ചിട്ടുണ്ട് എന്ന് വേണം പറയാന്‍. പലപ്പോഴും സോഷ്യല്‍ മീഡിയ പേജുകളില്‍ ‘ഇല്ലുമിനാറ്റി’ പോലെ എന്തെങ്കിലും ചെറിയൊരു അപ്‌ഡേറ്റ് നല്‍കാന്‍ പൃഥ്വിരാജ് അടക്കമുള്ളവര്‍ ശ്രദ്ധിച്ചിട്ടുണ്ട്. അത് ചിലപ്പോള്‍ എമ്പുരാന്‍ എന്ന് വെറുതെ കുറിച്ച് കൊണ്ടും, ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഷെയര്‍ ചെയ്തും, ലൊക്കേഷന്‍ ഹണ്ട് വിവരങ്ങളായും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിട്ടുണ്ട്.

ഒടുവില്‍ 2023ല്‍ ആണ് എമ്പുരാന്റെ ചിത്രീകരണം ആരംഭിക്കുന്നത്. യുഎസ്, യുകെ, യുഎഇ, ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, ഹൈദരാബാദ്, ഷിംല, കേരളം എന്നിങ്ങനെ വിവിധ സ്ഥലങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. എമ്പുരാന്റെ ചിത്രീകരണത്തിനായി ലണ്ടനിലെ വാട്ടര്‍ലൂ ടൂബ് സര്‍വീസ് ഒരു ദിവസത്തേക്ക് നിര്‍ത്തിവച്ചതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എമ്പുരാന്റെ ചില ഭാഗങ്ങള്‍ ഐ ഫോണിലും ഗോ പ്രോയിലുമാണ് ചിത്രീകരിച്ചത്. മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന സിനിമ കൂടിയാണിത്.

May be an image of 2 people and text

പലവിധ സസ്‌പെന്‍സുകള്‍ക്കായും പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. ഇതില്‍ പ്രധാനമാണ് ചുവന്ന ഡ്രാഗണ്‍ ഷര്‍ട്ട് ധരിച്ചു നില്‍ക്കുന്ന നടന്റെ ചിത്രം. ഫഹദിന്റെ പേരാണ് ആദ്യം സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ നിറഞ്ഞതെങ്കിലും താരം സിനിമയില്‍ ഇല്ലെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിട്ടുണ്ട്. ആമിര്‍ ഖാന്‍, ഹോളിവുഡ് താരം റിക്ക് യൂണ്‍ എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ ചര്‍ച്ചയിലുള്ളത്. എമ്പുരാനില്‍ മലയാളത്തില്‍ തുടങ്ങി, ബോളിവുഡിലും ഹോളിവുഡിലും നിന്ന് വരെ താരങ്ങള്‍ എത്തുന്നുമുണ്ട്.

May be an illustration of 1 person and text

മലയാള സിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍ ആണ് മോഹന്‍ലാല്‍. ഒരു മോഹന്‍ലാല്‍ ചിത്രം ജനപ്രീതി നേടിയാല്‍ അത് സിനിമാ വ്യവസായത്തിന് നല്‍കുന്ന ഉണര്‍വ്വ് വലുതാണ്. എമ്പുരാനിലൂടെ മോഹന്‍ലാല്‍ വീണ്ടും ഒരു ബോക്‌സ് ഓഫീസ് റെക്കോര്‍ഡ് സൃഷ്ടിച്ചു കഴിഞ്ഞു. റിലീസിന്റെ തലേ ദിവസം തന്നെ 50 കോടി എന്ന നേട്ടം സ്വന്തമാക്കുന്ന സിനിമയായി മാറിയിരിക്കുകയാണ് എമ്പുരാന്‍. ലോകമെമ്പാടും നേടിയിരിക്കുന്ന അഡ്വാന്‍സ് ബുക്കിംഗിലൂടെയാണ് ഈ നേട്ടം.