ഏറ്റവും പ്രായം കുറഞ്ഞ ഡല്‍ഹി മുഖ്യമന്ത്രി; സത്യവാചകം ചൊല്ലി അധികാരത്തിലേറി അതിഷി മര്‍ലേന

ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി അതിഷി മര്‍ലേന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സുഷമ്മ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം ഡല്‍ഹിയില്‍ അധികാരമേല്‍ക്കുന്ന വനിത മുഖ്യമന്ത്രിയാണ് അതിഷി മര്‍ലേന. അരവിന്ദ് കെജ്രിവാള്‍ രാജി സമര്‍പ്പിച്ചതിന് പിന്നാലെയാണ് അതിഷിയെ ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി പദത്തിലേക്ക് നിയോഗിച്ചത്.

രാജ്‌നിവാസില്‍ നടന്ന ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഡല്‍ഹിയുടെ എട്ടാമത്തെ മുഖ്യമന്ത്രിയാണ് അതിഷി. ഡല്‍ഹിയില്‍ അധികാരമേല്‍ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയെന്ന വിശേഷണവും 43കാരിയായ അതിഷിയ്ക്ക് സ്വന്തം. ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ കെജ്രിവാള്‍ രാജി വയ്ക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെജ്രിവാള്‍ തന്നെ ആയിരുന്നു അതിഷിയുടെ പേര് നിര്‍ദ്ദേശിച്ചത്. കെജ്രിവാള്‍ മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിയുമ്പോള്‍ ഡല്‍ഹിയില്‍ എഎപിയുടെ ഉറച്ച ശബ്ദമായി നിലകൊണ്ടത് അതിഷി ആയിരുന്നു. അതിഷി എഎപിയ്ക്കും കെജ്രിവാളിനും വേണ്ടി നിരന്തരം പ്രതിരോധം സൃഷ്ടിച്ചിരുന്നു.

അതിഷിയെ കൂടാതെ അഞ്ച് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഗോപാല്‍ റായി, കൈലാഷ് ഗഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍, മുകേഷ് അഹ്ലാവത് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. അതിഷി മന്ത്രിസഭയില്‍ ആറ് മന്ത്രിമാരാണുള്ളത്. നേരത്തെ കെജ്രിവാളിന്റെ മന്ത്രിസഭയില്‍ ഏഴ് മന്ത്രിമാരുണ്ടായിരുന്നു.