പാകിസ്ഥാനില്‍ ഹൈവേയില്‍ യാത്ര ചെയ്ത 39 പേരെ കൊലപ്പെടുത്തി; തീവ്രവാദി ആക്രമണം ഹൈവേ ഉപയോഗിച്ചതിന്

പാകിസ്ഥാനില്‍ തീവ്രവാദി ആക്രമണങ്ങളില്‍ 39 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. വിവിധയിടങ്ങളിലുണ്ടായ ആക്രമണത്തിലാണ് 39 പേര്‍ കൊല്ലപ്പെട്ടത്. ഹൈവേയിലൂടെ സഞ്ചരിച്ച ആളുകളെ വാഹനം തടഞ്ഞുനിര്‍ത്തി വെടിയുതിര്‍ക്കുകയായിരുന്നു. ബലൂചിസ്ഥാനിലെ മുസാഖൈല്‍ ജില്ലയിലെ ബലൂചിസ്ഥാന്‍ ഹൈവേയിലാണ് തീവ്രവാദി ആക്രമണമുണ്ടായത്.

നാല്‍പത് പേരോളം വരുന്ന തീവ്രവാദി സംഘം ഹൈവേയില്‍ ബസുകളും മറ്റ് വാഹനങ്ങളും തടഞ്ഞുനിര്‍ത്തിയാണ് വെടിയുതിര്‍ത്തത്. പത്ത് വാഹനങ്ങള്‍ക്ക് അക്രമി സംഘം തീവെയ്ക്കുകയും ചെയ്തു. അഞ്ച് പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. നിരോധിത സംഘടനയായ ബലൂച് ലിബറേഷന്‍ ആര്‍മി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.

എന്നാല്‍ തങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ലക്ഷ്യമിട്ടതെന്നാണ് ബലൂച് ലിബറേഷന്‍ ആര്‍മി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. യാത്രയ്ക്കായി ഹൈവേ ഉപയോഗിച്ചതാണ് ബലൂച് ലിബറേഷന്‍ ആര്‍മിയെ പ്രകോപിച്ചത്. നേരത്തെ ഹൈവേ ഉപയോഗിക്കരുതെന്ന്
ബലൂച് ലിബറേഷന്‍ ആര്‍മി ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ബലൂചിസ്ഥാനിലെ മറ്റ് രണ്ട് ജില്ലകളിലുണ്ടായ ആക്രമണത്തില്‍ ആറ് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ബോലാന്‍ ജില്ലയില്‍ റെയില്‍വേ മേല്‍പ്പാലത്തിന് തീയിട്ടാണ് ആക്രമണം നടത്തിയത്.