ഗാസ വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടം നാളെ മുതൽ പ്രാബല്യത്തിൽ വരും. ആദ്യ ഘട്ടത്തിൽ 42 ദിവസങ്ങൾക്കുള്ളിൽ 737 തടവുകാരെയും 33 ബന്ദികളെയും മോചിപ്പിക്കുമെന്ന് ഇസ്രയേൽ അറിയിച്ചു. ഇസ്രയേൽ കാബിനറ്റ് വെടിനിർത്തൽ കരാർ അംഗീകരിച്ചതിന് പിന്നാലെ ഇസ്രയേൽ നിയമകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടത്.
16 നും 18 നും ഇടയിൽ പ്രായമുള്ള 25 പ്രായപൂർത്തിയാകാത്ത തടവുകാരൊഴികെ മോചിപ്പിക്കാൻ നിശ്ചയിച്ചിട്ടുള്ള മുഴുവൻ തടവുകാരുടെയും പേരുകൾ മന്ത്രാലയം പുറത്തുവിട്ടു. 70 സ്ത്രീകളും 25 പുരുഷന്മാരും ഉൾപ്പെടെ 95 തടവുകാരെ ഞായറാഴ്ച മോചിപ്പിക്കുമെന്ന് നേരത്തെയുള്ള പ്രസ്താവനയിൽ മന്ത്രാലയം അറിയിച്ചു. ഈ സമയത്ത് ഗാസയിൽ തടവിൽ കഴിയുന്ന 33 ഇസ്രായേൽ ബന്ദികളെ ഹമാസ് മോചിപ്പിക്കും.
പതിനഞ്ച് മാസത്തോളമായി തുടരുന്ന ഗാസയിലെ ആക്രമണത്തിന് വിരാമം കുറിക്കുന്ന വെടിനിർത്തൽ കരാറിന് ഇന്നലെയാണ് ഇസ്രയേൽ ക്യാബിനറ്റ് അംഗീകാരം നൽകിയത്. ആറ് മണിക്കൂറിലേറെ നീണ്ട കാബിനറ്റ് യോഗത്തിന് ശേഷമാണ് വെടിനിർത്തൽ കരാറിന് ഇസ്രയേൽ കാബിനറ്റ് അംഗീകാരം നൽകിയത്. 24 മന്ത്രിമാർ വെടിനിർത്തൽ കരാറിന് അംഗീകാരം നൽകുന്നതിന് അനുകൂലമായി നിലപാടെടുത്തപ്പോൾ എട്ട് മന്ത്രിമാർ കരാറിനെ എതിർത്തുവെന്നും റിപ്പോർട്ടുകളുണ്ട്.
‘ബന്ദികളുടെ മടങ്ങിവരവിനുള്ള ചട്ടക്കൂട് സർക്കാർ അംഗീകരിച്ചു. ബന്ദികളെ വിട്ടയയ്ക്കാനുള്ള ചട്ടക്കൂട് ഞായറാഴ്ച മുതൽ നിലവിൽ വരുമെന്ന’ ചുരുങ്ങിയ വാക്കുകളിലുള്ള പ്രസ്താവനയാണ് വെടിനിർത്തലുമായി ബന്ധപ്പെട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് പുറത്ത് വിട്ടത്.
Read more
അമേരിക്കയുടെ പിന്തുണയോടെ ഈജിപ്തും ഖത്തറും നടത്തിയ ചർച്ചകൾക്കൊടുവിലാണ് നിർണായക കരാർ യഥാർത്ഥ്യമായത്. ഗാസയിൽ വെടിനിർത്തൽ കരാർ ഇസ്രായേലും ഹമാസും അംഗീകരിച്ചെന്ന് നേരത്തെ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ അൽതാനി പ്രഖ്യാപിച്ചിരുന്നു. മൂന്ന് ഘട്ടങ്ങളിലായി വെടിനിർത്തൽ കരാർ നടപ്പിലാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. വെടിനിർത്തിലിന്റെ ആറാഴ്ചക്കുള്ളിൽ തന്നെ പലസ്തീനികളെ വടക്കൻ ഗാസയിലേക്ക് മടങ്ങാൻ അനുവദിക്കും എന്നും കരാർ വ്യവസ്ഥ ചെയ്യുന്നു. ഖത്തറിന്റെയും ഈജിപ്തിന്റെയും മേൽനോട്ടത്തിലാവും മടക്കം.