അഫ്ഗാന്‍ പൗരന്മാര്‍ എയര്‍പോര്‍ട്ടുകളിലേക്ക് പോകുന്നത് വിലക്കി താലിബാൻ; അമേരിക്കന്‍ സേന 31നകം രാജ്യംവിടണമെന്നും നിർദേശം

അഫ്ഗാനിസ്ഥാന്‍ പൗരന്‍മാര്‍ രാജ്യംവിട്ടു പോകുന്നത് വിലക്കി താലിബാന്‍. വിമാനത്താവളങ്ങളിലേക്ക് പോകാന്‍ അഫ്ഗാന്‍ പൗരന്‍മാര്‍ക്ക് അനുമതിയില്ലെന്ന് താലിബാന്‍ വക്താവ് വ്യക്തമാക്കി. അമേരിക്കന്‍ സേനയുടെ പിന്‍മാറ്റം ഓഗസ്റ്റ് 31ന് ശേഷം നീട്ടിക്കൊണ്ടുപോകരുതെന്ന നിലപാടും താലിബാന്‍ ആവര്‍ത്തിച്ചു. ചൊവ്വാഴ്ച വൈകിട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

അഫ്ഗാനിലെ യുദ്ധം അവസാനിച്ചതായി ഇസ്ലാമിക് എമിറേറ്റ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഒരു വെടിയുണ്ടപോലും ഉതിര്‍ക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. അല്‍പം ആശങ്കയുള്ളവരുമായി ഞങ്ങള്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഒരു ശതമാനം ആളുകള്‍ വിശ്വസിക്കുന്നത് പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളിലൂടെ പരിഹരിക്കപ്പെടുമെന്നാണ്- മുജാഹിദ് പറഞ്ഞു.

അതേസമയം മറ്റൊരു ഞെട്ടിക്കുന്ന പ്രഖ്യാപനവും താലിബാന്‍ വാര്‍ത്താസമ്മേളനത്തില്‍ നടത്തി. അഫ്ഗാന്‍ പൗരന്മാരെ ഇനിമുതല്‍ കാബൂള്‍ വിമാനത്താവളത്തിലേക്ക് പോകാന്‍ അനുവദിക്കുകയില്ലെന്ന് മുജാഹിദ് പറഞ്ഞു. അഫ്ഗാന്‍ പൗരന്മാര്‍ നാടുവിടുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.

അമേരിക്കയ്ക്ക് അവരുടെ പൗരന്‍മാരെയും ഉദ്യോഗസ്ഥരെയും കൊണ്ടുപോകാം. അഫ്ഗാന്‍ പൗരന്‍മാരെ കൊണ്ടുപോകുന്ന നയം മാറ്റണമെന്നും ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍ അടക്കമുളള പ്രൊഫഷണലുകളെ കൊണ്ടുപോകരുതെന്നും താലിബാന്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ വിദ്യാഭ്യാസ കാര്യങ്ങളുടെ താത്ക്കാലിക മേധാവിയായി താലിബാന്‍ നേതാവ് സകാവുള്ളയെ നിയമിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല അബ്ദുള്‍ ബാഖിക്കാണ്. സദര്‍ ഹുസൈന്‍ ആക്ടിങ് ആഭ്യന്തരമന്ത്രി. ഗുല്‍ അഘ ധനകാര്യമന്ത്രി. മുല്ല ഷിറിനെ കാബുള്‍ ഗവര്‍ണറായും താലിബാന്‍ നിയമിച്ചു.  ചെറുത്തുനില്‍ക്കുന്ന ഏക പ്രദേശമായ പാഞ്ച്ഷീറില്‍ പ്രശ്‌നങ്ങള്‍ ഉടനടി നയപരമായി പരിഹരിക്കുമെന്നും താലിബാന്‍ വ്യക്തമാക്കിയിട്ടുണ്ട്.