ഇസ്‌ലാമിനോട് ശത്രുത പ്രകടിപ്പിക്കുന്നുവെന്ന് ആരോപിച്ച് ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ ആയിരക്കണക്കിന് യാഥാസ്ഥിതിക മുസ്‌ലിംകൾ ഫ്രാൻസിനെതിരെ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. പാകിസ്ഥാൻ, ബംഗ്ലാദേശ്, ലെബനൻ, തുടങ്ങിയ രാജ്യങ്ങളിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം ഫ്രഞ്ച് വിരുദ്ധ റാലികൾ സംഘടിക്കപ്പെട്ടു. ഫ്രഞ്ച് ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന് പ്രതിഷേധക്കാർ ആഹ്വാനം ചെയ്യുകയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ അപലപിക്കുകയും ചെയ്തു.
ഇസ്‌ലാമിനെതിരെ ഇമ്മാനുവൽ മാക്രോൺ നടത്തിയ അഭിപ്രായപ്രകടനങ്ങൾക്കെതിരെ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നും കടുത്ത പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ഇസ്ലാം “പ്രതിസന്ധിയിലാണെന്ന്” പറഞ്ഞ മാക്രോൺ, മുഹമ്മദ് നബിയെ ചിത്രീകരിക്കുന്ന കാർട്ടൂണുകൾ പ്രസിദ്ധീകരിക്കാനുള്ള മാസികയുടെ അവകാശത്തെ പ്രതിരോധിക്കുകയും ചെയ്തു.
ഫ്രാൻസിൽ സാമുവൽ പാറ്റി എന്ന അധ്യാപകൻ തന്റെ ക്ലാസിൽ മുഹമ്മദ് നബിയുടെ കാർട്ടൂണുകൾ വിദ്യാർത്ഥികളെ കാണിക്കുകയും ഇസ്ലാമിക തീവ്രവാദികൾ അദ്ദേഹത്തിന്റെ കഴുത്തറത്ത് കൊലപ്പെടുത്തുകയും ചെയ്തതിനെ തുടർന്നാണ് സമീപകാല സംഘർഷണങ്ങൾക്ക് തുടക്കമായത്. ഇസ്ലാമിക തീവ്രവാദികൾ ഫ്രാൻസിന്റെ ഭാവിയെ ലക്ഷ്യം വെയ്ക്കുന്നതിനാലാണ് അധ്യാപകൻ കൊല്ലപ്പെട്ടതെന്നും ഫ്രാൻസ് കാർട്ടൂണുകൾ പിൻവലിക്കില്ലെന്നും മാക്രോൺ പറഞ്ഞിരുന്നു. മുഹമ്മദ് നബിയുടെ ചിത്രീകരണം ഇസ്‌ലാമിൽ നിഷിദ്ധമായി കണക്കാക്കപ്പെടുന്നതിനാൽ മാക്രോണിന്റെ പരാമർശം മതനിന്ദ ആയാണ് പല മുസ്‌ലിംകളും കരുതുന്നത്.
ഫ്രാൻസിനെതിരായ പ്രതിഷേധം നിരവധി മുസ്‌ലിം രാജ്യങ്ങളിൽ ദിവസങ്ങളായി നടക്കുന്നതിനിടെ വെള്ളിയാഴ്ച ഫ്രഞ്ച് നഗരമായ നൈസിലെ പള്ളിയിൽ വെച്ച് തീവ്രവാദികൾ ഒരു സ്ത്രീയെ കഴുത്തറത്ത് കൊലപ്പെടുത്തുകയും മറ്റ് രണ്ട് പേരെ കത്തികൊണ്ട് കൊലപ്പെടുത്തുകയും ചെയ്ത സംഭവം സംഘർഷാവസ്ഥ വർദ്ധിപ്പിച്ചിരിക്കുകയാണ്.