വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ കലാപത്തില്‍ രാജ്യം വിട്ട് ഇന്ത്യയില്‍ അഭയം തേടിയ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗ്ലാദേശ് കോടതി. രാഷ്ട്രീയ അധികാരം ദുരുപയോഗം ചെയ്ത് അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയെന്നാരോപിച്ചാണ് അറസ്റ്റ് വാറണ്ട്.
ഷെയ്ഖ് ഹസീനയുടെ സഹോദരി ഷെയ്ഖ് റെഹാന, ബ്രിട്ടീഷ് എംപി തുലിപ് റിസ്വാന സിദ്ദിഖ്, തുടങ്ങി മറ്റ് 50 പേര്‍ക്കെതിരെയും ബംഗ്ലാദേശ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അഴിമതി വിരുദ്ധ കമ്മീഷന്‍ സമര്‍പ്പിച്ച മൂന്ന് വ്യത്യസ്ത കുറ്റപത്രങ്ങള്‍ പരിഗണിച്ച ശേഷമാണ് ധാക്ക മെട്രോപൊളിറ്റന്‍ സീനിയര്‍ സ്പെഷ്യല്‍ ജഡ്ജി സാക്കിര്‍ ഹൊസൈന്‍ അറസ്റ്റ് വാറണ്ടിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
ഭൂവിതരണത്തിലെ അഴിമതി ആരോപണത്തില്‍ മൂന്ന് വ്യത്യസ്ത കേസുകളിലായി 53 പേര്‍ക്കെതിരെ എസിസി അടുത്തിടെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഷെയ്ഖ് ഹസീന ഉള്‍പ്പെടെയുള്ള 53 പ്രതികളും ഒളിവിലായതിനാലാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
Read more
ഏപ്രില്‍ പത്തിന് മറ്റൊരു അഴിമതി കേസില്‍ ഷെയ്ഖ് ഹസീനയ്ക്കും മകള്‍ സൈമ വാസദ് പുട്ടുലിനും മറ്റ് 17 പേര്‍ക്കുമെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലില്‍ അഴിമതി കേസ് കൂടാതെ കൂട്ടക്കൊലകള്‍, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ തുടങ്ങി നിരവധി കുറ്റങ്ങളും ഷെയ്ഖ് ഹസീനയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്.