റഷ്യൻ പ്രസിഡന്റിന് നേരെ വധശ്രമം? പുടിന്റെ വാഹനത്തിന് തീപിടിച്ചതായി റിപ്പോർട്ട്; ദൃശ്യങ്ങൾ പ്രചരിക്കുന്നു

റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിന്റെ വാഹനത്തിന് തീപിടിച്ചതായി റിപ്പോർട്ട്. പുടിന്റെ ഔറസ് സെനറ്റ് ലിമോസിൻ എന്ന ആഢംബര വാഹനം പൊട്ടിത്തെറിക്കുകയും പിന്നാലെ തീപ്പിടിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വൻ സുരക്ഷാ സംവിധാനങ്ങളുള്ള കാർ അപകടത്തിൽപ്പെട്ടത് സംബന്ധിച്ച് ദുരൂഹത നിലനിൽക്കുകയാണ്.

മോസ്‌കോയിലെ എഫ്എസ്ബി ഹെഡ്ക്വാർട്ടേഴ്‌സിന് സമീപം വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. കനത്ത പുക കാറിൽ നിന്നുയരുന്നതും പ്രദേശത്തുള്ളവർ തീ അണക്കാൻ ശ്രമിക്കുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളിലുണ്ട്. കാറിന്റെ എൻജിനിൽ ആദ്യം തീപിടിക്കുകയും പിന്നാലെ മറ്റുഭാഗങ്ങളിലേക്ക് പടരുകയും ചെയ്‌തെന്നാണ് വിവരം.

അപകടത്തിൽ ആർക്കും പരിക്കേറ്റതായി വിവരമില്ല. സംഭവം റഷ്യൻ പ്രസിഡന്റിന് നേരെയുണ്ടായ വധശ്രമമാണോ എന്ന സംശയം ഉയരുന്നുണ്ട്. ശക്തമായ സുരക്ഷാ സംവിധാനങ്ങളുള്ള വാഹനമായ ലിമോസിന്റെ വില ഏകദേശം രണ്ടരക്കോടി രൂപയോളമാണ്.

അടുത്തിടെ പുടിനെ കുറിച്ച് യുക്രൈൻ പ്രസിഡന്റ് വ്ളാഡ്മിർ സെലെൻസ്കി നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. പുതിന്റെ മരണം ഉടൻ സംഭവിക്കുമെന്നും റഷ്യ യുക്രൈൻ യുദ്ധം അങ്ങനെമാത്രമേ അവസാനിക്കുകയുള്ളൂവെന്നും ആയിരുന്നു സെലെൻസ്കി പറഞ്ഞത്.