ജപ്പാന്‍ പ്രധാനമന്ത്രിക്കു നേരെ ബോംബാക്രമണം

ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ പങ്കെടുത്ത പരിപാടിക്കു നേരെ ബോംബാക്രമണം. വകായാമയില്‍ കിഷിദ പ്രഭാഷണം നടത്തേണ്ട വേദിയിലാണ് ആക്രമണമുണ്ടായത്. കിഷിദയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും ഒരാളെ കസ്റ്റഡിയിലെടുത്തെന്നും പൊലീസ് അറിയിച്ചു.

പ്രഭാഷണം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ കിഷിദക്ക് പരിക്കില്ലെന്ന് ജപ്പാന്‍ ടെലിവിഷന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൈപ്പിനു സമാനമായ വസ്തുവാണ് പ്രധാനമന്ത്രിക്കു നേരെ എറിഞ്ഞതെന്നാണ് പ്രാഥമിക വിവരം.

സംഭവ സ്ഥലത്തുനിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആളുകളെ മാറ്റുന്നതിന്റെയും ഒരാളെ പിടിച്ചുകൊണ്ടു പോകുന്നതിന്റെയും വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

മുമ്പ് സമാന ആക്രമണത്തില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ കൊല്ലപ്പെട്ടിരുന്നു. നാര പട്ടണത്തില്‍ രാഷ്ട്രീയ പ്രചാരണ പരിപാടിക്കെത്തിയ ആബേക്കു നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റുവീണ ആബെ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.