പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുന്നു, കോവിഷീല്‍ഡ് പിന്‍വലിച്ചു; ഉത്പാദനവും വിതരണവും അവസാനിപ്പിച്ചതായി ആസ്ട്രാസെനേക

പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുന്നുവെന്ന പരാതികള്‍ക്ക് പിന്നാലെ കോവിഡ് വാക്‌സിന്‍ പിന്‍വലിച്ച് നിര്‍മ്മാണ കമ്പനിയായ ആസ്ട്രാസെനേക. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി കോവിഷീല്‍ഡിന്റെ ഉത്പാദനവും വിതരണവും പൂര്‍ണമായും അവസാനിപ്പിച്ചിരിക്കുന്നതായി അറിയിച്ചിട്ടുണ്ട്.

ആസ്ട്രാസെനേകയും ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും സംയുക്തമായി വികസിപ്പിച്ചതാണ് കോവിഷീല്‍ഡ്. ഇന്ത്യയില്‍ പൂനൈ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്‌സിന്‍ നിര്‍മ്മിച്ച് നല്‍കിയിരുന്നത്. 175 കോടി ഡോസ് വാക്‌സിന്‍ രാജ്യത്ത് ഉപയോഗിച്ചു. അതേസമയം യുകെയില്‍ നിന്നാണ് വാക്‌സിനെതിരെ ആദ്യം പരാതിയെത്തിയത്.

വാക്‌സിന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന പരാതിയ്ക്ക് പിന്നാലെ കമ്പനി യുകെ കോടതിയില്‍ വാക്‌സിന് പാര്‍ശ്വഫലങ്ങളുള്ളതായി സമ്മതിച്ചു. എന്നാല്‍ പാര്‍ശ്വഫലങ്ങളില്‍ ആശങ്കപ്പെടേണ്ടെന്ന വാദമാണ് കമ്പനി മുന്നോട്ട് വയ്ക്കുന്നത്. വിപണിയില്‍ ധാരാളം വാക്‌സിനുകള്‍ ഉള്ളതിനാല്‍ വില്‍പ്പന കുറഞ്ഞുപോയി. അതിനാല്‍ പിന്‍വലിക്കുന്നുവെന്നാണ് കമ്പനി അറിയിക്കുന്നത്.

യൂറോപ്യന്‍ യൂണിയനിലെ മാര്‍ക്കറ്റിംഗ് അംഗീകാരം കമ്പനി സ്വമേധയാ പിന്‍വലിച്ചു. പാര്‍ശ്വഫലങ്ങളെ കുറിച്ച് ആശങ്കപ്പെടേണ്ടെന്ന് കമ്പനി ആവര്‍ത്തിക്കുമ്പോഴും രക്തം കട്ട പിടിക്കുന്ന, പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസിന് സാധ്യതയുണ്ടാക്കുമെന്നാണ് കമ്പനി കോടതിയില്‍ വ്യക്തമാക്കിയത്.