ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലും കൊറോണ സ്ഥിരീകരിച്ചു; യൂറോപ്പില്‍ രോഗബാധയേറ്റ് ആദ്യമരണം

കൊറോണ വൈറസ് (COVID-19) ബാധയേറ്റ് യൂറോപ്പില്‍ ആദ്യ മരണം. ഫ്രാന്‍സില്‍ ചികിത്സയിലുണ്ടായിരുന്ന ചൈനീസ് സ്ത്രീയാണ് മരിച്ചത്. ചൈനയിലെ ഹുബൈ പ്രവിശ്യയില്‍ നിന്നും ഫ്രാന്‍സില്‍ യാത്രയ്ക്കെത്തിയ ഇവര്‍ക്ക് അവിടെ വെച്ച് കൊറോണ സ്ഥിരീകരിക്കുകയായിരുന്നു.

ഫ്രാന്‍സ് ആരോഗ്യമന്ത്രാലയമാണ് മരണവിവരം പുറത്തു വിട്ടത്. ജനുവരി 16 നാണ് ചൈനീസ് സ്ത്രീ ഫ്രാന്‍സിലെത്തുന്നത്. ജനുവരി 25 മുതല്‍ ഇവര്‍ കൊറോണ മൂലം ചികിത്സയില്‍ കഴിയുകയായിരുന്നു.

നേരത്തെ കൊറോണ ബാധിച്ച് ജപ്പാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലും ഹോങ്കോംങിലും ആയിരുന്നു മരണം റിപ്പോര്‍ട്ട് ചെയ്തത്.

ഇതിനിടെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലും കൊറോണ സ്ഥിരീകരിച്ചു. ഈജിപ്തില്‍ ആണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഈജിപ്തിലെത്തിയ വിദേശ പൗരനാണ് കൊറോണ ബാധിച്ചത് എന്നാണ് ഈജിപ്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. എന്നാല്‍ രോഗി ഏതു രാജ്യക്കാരനാണ് എന്ന് ഈജിപ്ത് വ്യക്തമാക്കിയിട്ടില്ല.

Read more

ചൈനയില്‍ ഇതുവരെ കൊറോണ മൂലം 1631 പേരാണ് മരണപ്പെട്ടിരിക്കുന്നത്. ശനിയാഴ്ചത്തെ കണക്കു പ്രകാരം 143 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.
ചൈനയില്‍ മാത്രം 67,535 പേര്‍ക്ക് കൊറോണ പിടിപെട്ടിട്ടുണ്ട്.