കോവിഡ് പകർച്ചവ്യാധി ഈ അടുത്തെങ്ങും അവസാനിക്കില്ലെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചൊവ്വാഴ്ച പറഞ്ഞു. അതിവേഗം പടരുന്ന ഒമൈക്രോൺ വകഭേദം അപകടകാരിയല്ലെന്ന പ്രചാരണത്തിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നൽകി.
“ഈ മഹാമാരി അടുത്തെങ്ങും അവസാനിക്കില്ല,” ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ജനീവയിലെ ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനത്ത് വച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നവംബറിൽ ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയതു മുതൽ ലോകമെമ്പാടും കാട്ടുതീ പോലെ പടർന്ന കൊറോണ വൈറസ് വകഭേദമായ ഒമൈക്രോണിനെ ലഘുവായതായി തള്ളിക്കളയുന്നതിനെതിരെ ലോകാരോഗ്യ സംഘടന മേധാവി മുന്നറിയിപ്പ് നൽകി.
കോവിഡ്-19 ന്റെ ഒമൈക്രോൺ വകഭേദം മുമ്പത്തെ സ്‌ട്രെയിനുകളേക്കാൾ അതിവേഗം പടരുന്ന പകർച്ചവ്യാധിയാണ്. എന്നാൽ ഒമൈക്രോൺ താരതമ്യേന ഗുരുതരമായ രോഗാവസ്ഥ ഉണ്ടാക്കുന്നില്ല എന്നാണ് ഇതുവരെയുള്ള കണ്ടെത്തൽ. പകർച്ചവ്യാധി ഘട്ടത്തിൽ നിന്ന് മനുഷ്യരാശിക്ക് അപകടമല്ലാത്ത ഒരു പ്രാദേശിക രോഗമായി മാറുന്നതിന്റെ വക്കിലാണോ വൈറസ് എന്നതിനെ കുറിച്ചുള്ള ഒരു ചർച്ചയ്ക്ക് ഇത് തുടക്കമിട്ടിരുന്നു.
എന്നാൽ രോഗബാധിതരുടെ എണ്ണം കൂടുന്നതിന്റെ അർത്ഥം ആളുകൾ ഇപ്പോഴും ഗുരുതരമായി രോഗബാധിതരാകുകയും മരിക്കുകയും ചെയ്യുന്നുണ്ടെന്നാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
Read more
“കോവിഡ് വകഭേദമേതായാലും കേസുകളുടെ ഗണ്യമായ വർദ്ധന ആശുപത്രികളിലും മരണങ്ങളിലും ഉള്ള വർദ്ധനക്ക് കാരണമാകുന്നു,” ലോകാരോഗ്യ സംഘടന എമർജൻസി ഡയറക്ടർ മൈക്കൽ റയാൻ ചൊവ്വാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു. “ഒമൈക്രോണിന് ശരാശരി തീവ്രത കുറവായിരിക്കാം, പക്ഷേ ഇതൊരു നേരിയ രോഗമാണെന്ന വിവരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്,”എന്ന് ടെഡ്രോസ് അദാനോം ഗെബ്രിയേസസും പറഞ്ഞു.