ട്രംപിനോട് ഏറ്റുമുട്ടാന്‍ ഉറച്ച് ചൈന; ഇറക്കുമതി ചുങ്കത്തിന് അതേനാണയത്തില്‍ മറുപടി; അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 34% തീരുവ ചുമത്തി; 30 യുഎസ് സംഘടനകള്‍ക്ക് നിയന്ത്രണം

അമേരിക്കന്‍ പ്രസിഡന്റിന്റെ ഇറക്കുമതി ചുങ്കത്തിന് അതേനാണത്തില്‍ മറുപടിയുമായി ചൈന.
അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34% അധിക തീരുവ ഇനി മുതല്‍ ചുമത്തുമെന്ന് ചൈന വ്യക്തമാക്കി. പിന്നാലെ അപൂര്‍വ ഭൗമ ധാതുക്കളുടെ കയറ്റുമതിയില്‍ നിയന്ത്രണങ്ങളും വരുത്തി. പ്രതിരോധ മേഖലയിലുള്‍പ്പെടെ 30ഓളം യുഎസ് സംഘടനകള്‍ക്കും ചൈന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ വര്‍ഷം ആദ്യം ചൈനയ്ക്ക് മേല്‍ 20 ശതമാനം തീരുവയാണ് അമേരിക്ക ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇതിന് പുറമേ കഴിഞ്ഞദിവസം 34 ശതമാനം തീരുവകൂടി ട്രംപ് പ്രഖ്യാപിച്ചു. ഇതോടെ അമേരിക്ക ചൈനക്കുമേല്‍ ചുമത്തിയ നികുതി 54ശതമാനമായി.

അമേരിക്കയുടെ വ്യാപാരക്കമ്മി കുറയ്ക്കാനെന്ന പേരിലാണ് ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ നിന്നുള്ള സാധനങ്ങള്‍ക്ക് 10 മുതല്‍ 49 ശതമാനം വരെ ഇറക്കുമതി ചുങ്കം ചുമത്തിയത്.
ഇന്ത്യന്‍ വാണിജ്യമന്ത്രാലയത്തിന്റെ അറിയിപ്പില്‍ തീരുവ 27 ശതമാനം എന്നാണ് കണക്കാക്കുന്നത്. മരുന്നുകള്‍, സെമികണ്ടക്ടറുകള്‍, ചില ധാതുക്കള്‍ എന്നിവയെ തീരുവവര്‍ധനയില്‍നിന്ന് ഒഴിവാക്കി. ചെമ്മീന്‍, കാര്‍പെറ്റ്, മെഡിക്കല്‍ ഉപകരണങ്ങള്‍, സ്വര്‍ണാഭരണങ്ങള്‍ എന്നിവയുടെ യുഎസിലേക്കുള്ള കയറ്റുമതിയെ തീരുവവര്‍ധന സാരമായി ബാധിക്കും.

അതേസമയം, വസ്ത്രനിര്‍മാണമേഖലയില്‍ ഇന്ത്യയുടെ എതിരാളികളായ രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തിയത് ഇന്ത്യക്ക് ഗുണകരമായേക്കും.

ഇന്ത്യയടക്കം അറുപതോളം രാജ്യങ്ങള്‍ക്കാണു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പകരംതീരുവ ചുമത്തിയത്. മറ്റു രാജ്യങ്ങള്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കു ചുമത്തുന്ന തീരുവയുടെ നേര്‍ പകുതി അവരുടെ ഉത്പന്നങ്ങള്‍ക്കു മേല്‍ ഇനി അമേരിക്ക ചുമത്തും.

അതേസമയം, ചില രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കു കുറഞ്ഞ തീരുവയാണു ചുമത്തിയിരിക്കുന്നത്. ബംഗ്ലാദേശ് ( 37%), ചൈന (54%), വിയറ്റ്‌നാം (46%) തായ്ലന്‍ഡ് (36%) എന്നിങ്ങനെയാണു മറ്റു രാജ്യങ്ങള്‍ക്കു ചുമത്തിയിരിക്കുന്ന പകരംതീരുവ.

അമേരിക്കന്‍ നടപടിയുടെ ആഘാതം വിലയിരുത്തുകയാണെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു. ട്രംപിന്റെ പ്രഖ്യാപനത്തിനെതിരേ ലോകരാജ്യങ്ങള്‍ രംഗത്തെത്തി. ലോക സന്പദ്ഘടനയ്ക്ക് കനത്ത തിരിച്ചടിയാണിതെന്നു യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോന്‍ ഡെര്‍ ലേയെന്‍ പറഞ്ഞു. ഒരു വ്യാപാരയുദ്ധത്തില്‍ ആരും വിജയിക്കില്ലെന്നായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി കീയര്‍ സ്റ്റാര്‍മറുടെ പ്രതികരണം.

ട്രംപിന്റെ തീരുമാനം വിലയിരുത്തുമെന്ന് ഏഷ്യയില്‍ അമേരിക്കയുടെ ഉറ്റ സഖ്യകക്ഷിയായ ജപ്പാന്‍ അറിയിച്ചു. ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ആഗോള ഓഹരിവിപണികളില്‍ തിരിച്ചടി നേരിട്ടു.