അഴിമതി കേസിൽ മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് 3 വർഷം തടവ്, ഒരു ലക്ഷം പിഴ; 5 വർഷം തെരഞ്ഞെടുപ്പ് വിലക്ക്

അഴിമതിക്കേസിൽ മുൻ പാക്ക് പ്രധാനമന്ത്രി ഇമ്രാൻഖാന് ശിക്ഷ വിധിച്ച് കോടതി.തോഷാഖാന അഴിമതി കേസിലാണ് ഇമ്രാൻഖാന് തിരിച്ചടി നേരിട്ടത്.കേസിൽ ഇമ്രാൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുകയായിരുന്നു. 3 വർഷം തടവും ഒരു ലക്ഷം പിഴയും ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി ജയിലിൽ കഴിയേണ്ടിവരുമെന്ന് പാക് പത്രമായ ‘ദ ഡോൺ’ റിപ്പോർട്ട് ചെയ്തു.

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഇമ്രാന് അഞ്ച് വര്‍ഷത്തേക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കോടതി നിര്‍ദ്ദേശ പ്രകാരം സമൻ പാർക്കിൽ നിന്ന് ഇമ്രാന്‍ ഖാനെ പാക് പൊലീസ് അറസ്റ്റ് ചെയ്തു. ലഹോറിലേക്ക് കൊണ്ട് പോകുമെന്നാണ് സൂചന.

തെഹ്‌രീകെ ഇൻസാഫ് പാർട്ടി പാർട്ടി തലവൻ കൂടിയായ ഇമ്രാനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം ഉയരുകയാണ്. സമാന് പാർക്ക് റോഡിൽ ഗതാഗതം നിർത്തിവച്ചു. ഒത്തുചേരൽ അനുവദനീയമല്ല. സമരക്കാരെ അറസ്റ്റ് ചെയ്യും.

തോഷഖാന കേസിൽ തെറ്റായ പ്രസ്താവനകൾ നടത്തിയതിന് പാകിസ്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ വർഷം ഒക്ടോബർ 21 ന് മുൻ പ്രധാനമന്ത്രിയെ അയോഗ്യനാക്കിയിരുന്നു. തോഷഖാന കേസിൽ ഇളവ് ആവശ്യപ്പെട്ട് ഇമ്രാൻ ഖാന്റെ ഹർജി പാകിസ്താൻ സുപ്രീം കോടതി നേരത്തെ തള്ളി.