റഷ്യക്കു മിസൈല്‍ നല്‍കുന്നതില്‍ ഇറാന് ഉപരോധം; വ്യോമയാന ഗതാഗതത്തെ ബാധിച്ചു; പ്രസിഡന്റിന്റെ വരവിന് തൊട്ടുമുമ്പ് ബാഗ്ദാദില്‍ സ്‌ഫോടനം; വീണ്ടും അശാന്തി

റഷ്യക്കു മിസൈല്‍ നല്‍കുന്നുവെന്ന് ആരോപിച്ച് ഉപരോധം ഏര്‍പ്പെടുത്തിയ പാശ്ചാത്യശക്തികള്‍ക്കെതിരെ ഇറാന്‍. തങ്ങളെ ഉപരോധിക്കുന്നവര്‍ക്ക് ഉചിതമായ തിരിച്ചടി നല്‍കും.
യുക്രെയ്ന്‍ യുദ്ധത്തില്‍ ഉപയോഗിക്കാനായി റഷ്യക്കു ഹ്രസ്വദൂര മിസൈലുകള്‍ നല്‍കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇറേനിയന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു

ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ പ്രഖ്യാപിച്ച ഉപരോധം ഇറാന്റെ വ്യോമയാന ഗതാഗതത്തെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇറാന്റെ മിസൈല്‍ പദ്ധതികളുമായി ബന്ധമുള്ളവര്‍ക്കെതിരേയും ഉപരോധങ്ങള്‍ ഉണ്ടായേക്കും.

അതേസമയം, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌ക്യന്റെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് ഇറാഖിലെ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്ഫോടനം ഉണ്ടായത് സൈന്യത്തെ ഞെട്ടിച്ചിട്ടുണ്ട്..

അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ നിയന്ത്രണത്തിലുള്ള ഭാഗത്ത് ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി 11 മണിക്കുണ്ടായ സ്ഫോടനത്തിന്റെ ഉറവിടമോ മറ്റുവിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. റോക്കറ്റുകള്‍ പതിച്ചതാണെന്ന് റിപ്പോര്‍ട്ടുണ്ട്. അധികാരമേറ്റതിന് ശേഷം പെസഷ്‌ക്യന്‍ നടത്തുന്ന ആദ്യ വിദേശസന്ദര്‍ശനമാണിത്.