യുഎസ് മുന്‍ പ്രസിഡന്റും സമാധാന നൊബേല്‍ ജേതാവുമായ ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു. 100 വയസായിരുന്നു. ജോര്‍ജിയയിലെ വസതിയിലായിരുന്നു അന്ത്യം. ഡമോക്രാറ്റുകാരനായ ജിമ്മി കാർട്ടർ അമേരിക്കയുടെ 39 ആം പ്രസിഡന്‍റായിരുന്നു. 1977 മുതല്‍ 1981 വരെയായിരുന്നു അദ്ദേഹം യുഎസ് പ്രസിഡന്റ് പദത്തിലിരുന്നത്. 1978ല്‍ അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്.
100 വയസ് വരെ ജീവിച്ച ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റാണ് കാര്‍ട്ടര്‍. കാന്‍സറിനെ അതിജീവിച്ച ജിമ്മി കാര്‍ട്ടര്‍ കഴിഞ്ഞ യുഎസ് തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യാനെത്തിയിരുന്നു. ജനാധിപത്യം വളര്‍ത്താനും മനുഷ്യാവകാശം ഉറപ്പുവരുത്താനും ലോകവ്യാപകമായി അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്കാണ് 2002ല്‍ അദ്ദേഹത്തിന് സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ലഭിച്ചത്.
ജോര്‍ജിയ ഗവര്‍ണറായിട്ടാണ് കാര്‍ട്ടര്‍ പൊതുജന സേവനം ആരംഭിച്ചത്. വാട്ടര്‍ഗേറ്റ് അഴിമതിയിലും വിയറ്റ്നാം യുദ്ധത്തിലും വലഞ്ഞിരുന്ന അമേരിക്കന്‍ ജനതയ്ക്ക് സത്യസന്ധതയുടെയും സുതാര്യതയുടെയും ഭരണമാണ് കാര്‍ട്ടര്‍ നൽകിയത്. ‘ഞാന്‍ നിങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചാല്‍, നുണ പറഞ്ഞാല്‍ നിങ്ങള്‍ വോട്ട് ചെയ്യേണ്ടതില്ല’ എന്നതായിരുന്നു കാര്‍ട്ടറിന്‍റെ വാക്കുകള്‍.
Read more
ഉയര്‍ച്ച താഴ്ചകളേറെയുണ്ടായ ഭരണകാലത്തിന് ശേഷം മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലും, തിരഞ്ഞെടുപ്പ് നിരീക്ഷകനായും സാമ്പത്തികമായും സാമൂഹ്യമായും പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളിലെ ആരോഗ്യപരിരക്ഷയ്ക്കായും അദ്ദേഹം സമയം നീക്കി വച്ചു.