ഇന്ത്യ-ചൈന സംഘര്‍ഷം: 'എല്ലാം നിരീക്ഷിക്കുന്നുണ്ട്'; ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് അമേരിക്ക

ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ സ്ഥിതി നിയന്ത്രണ വിധേയമാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് മുഴുവന്‍ പിന്തുണയും നല്‍കുന്നുവെന്ന് പെന്റഗണ്‍ വാര്‍ത്തകാര്യ സെക്രട്ടറി പാറ്റ് റൈഡര്‍. പങ്കാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പ്രതിബദ്ധത അമേരിക്കയ്ക്ക് ഉണ്ടെന്നും പാറ്റ് റൈഡര്‍ വ്യക്തമാക്കി.

യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ സംഭവങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് പെന്റഗണ്‍ വ്യക്തമാക്കി. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ചൈന സൈനിക വിന്യാസം വര്‍ദ്ധിപ്പിക്കുകയും സൈനിക നിര്‍മാണങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഇന്തോ പസഫിക് മേഖലയിലെ യുഎസ് സഖ്യ കക്ഷികള്‍ക്കും പങ്കാളികള്‍ക്കും എതിരായ ചൈനയുടെ പ്രകോപനം വര്‍ദ്ധിച്ചു വരികയാണെന്നും പാറ്റ് റൈഡര്‍ പറഞ്ഞു.

ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ അതീവജാഗ്രത തുടരുകയാണ്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ മേഖലയില്‍ ഈയാഴ്ച വ്യോമസേന സൈനിക പരിശീലനം നടത്തും. അതിനിടെ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലുണ്ടായിരുന്ന ചൈനയുടെ ചാരക്കപ്പല്‍ യുവാന്‍ വാങ് 5 മടങ്ങി. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ എവിടെ വേണമെങ്കിലും ചൈന ഇനിയും പ്രകോപനം സൃഷ്ടിച്ചേക്കാമെന്നാണ് നയതന്ത്ര വിലയിരുത്തല്‍.

സിക്കിം മുതല്‍ അരുണാചല്‍പ്രദേശ് വരെ നീളുന്ന കിഴക്കന്‍ മേഖലയില്‍ ഈയാഴ്ച തന്നെ വ്യോമസേന സൈനിക പരിശീലനം നടത്തും. മുന്‍കൂട്ടി പ്രഖ്യാപിച്ചതെന്ന് വിശദീകരിക്കുന്നുണ്ടെങ്കിലും നിലവിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിന്‍ വന്‍ പരിശീലനമാവും ഇത്.