ഇസ്രയേലില്‍ ഒക്ടോബര്‍ ഏഴിന് ഭീകരാക്രമണം നടത്തിയ ഹമാസ് കമാന്‍ഡര്‍ അസം അബൂ റകബയെ വധിച്ചുവെന്ന് ഐഡിഎഫ്. ഇന്നലെ രാത്രിയിലാണ് ഹമാസ് കമാന്‍ഡറെ വധിച്ചതെന്ന് ഇ്രസയേല്‍ വ്യക്തമാക്കി.
അതേസമയം, ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് തകര്‍ന്ന ഗാസയിലെ ഇന്റര്‍നെറ്റ്-ഫോണ്‍ സേവനങ്ങള്‍ പുനഃസ്ഥാപിച്ച് തുടങ്ങി. വെള്ളിയാഴ്ച ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 36 മണിക്കൂറോളം ആശയവിനിമയം തടസപ്പെട്ടിരുന്നു. ആക്രമണത്തില്‍ കമ്മ്യൂണിക്കേഷന്‍ ലൈനുകളും ടവറുകളും തകര്‍ന്നതിനെ തുടര്‍ന്നാണ് ഇന്റര്‍നെറ്റ്-ഫോണ്‍ സേവനങ്ങള്‍ തടസപ്പെട്ടത്.
ഗാസയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്ന പാല്‍ടെല്‍ ഗ്രൂപ്പ് സേവനങ്ങള്‍ ക്രമേണ പുനഃസ്ഥാപിക്കുകയാണെന്ന് അറിയിച്ചു. മൊബൈല്‍, ഇന്റര്‍നെറ്റ്, ലാന്റ്ലൈന്‍ എന്നീ സേവനങ്ങളാണ് പുനഃസ്ഥാപിച്ച് വരുന്നത്. ഗാസയില്‍ പോരാട്ടം കനക്കുന്ന സാഹചര്യത്തില്‍ തുടര്‍ച്ചയായ വ്യോമാക്രണമാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉള്‍പ്പെടെ തകരുന്നതിന് കാരണം.
Read more
അതേ സമയം ഗാസയിലെ അന്താരാഷ്ട്ര അംഗീകൃത സഹായ സംഘടനകള്‍ക്ക് സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനം വാഗ്ദാനം ചെയ്യുമെന്ന് ഇലോണ്‍ മസ്‌ക് അറിയിച്ചിരുന്നു. മസ്‌കിന്റെ വാഗ്ദാനം ഇസ്രായേലിന്റെ പ്രതിഷേധത്തിന് കാരണമായി. എന്നാല്‍ ഗാസ മുനമ്പില്‍ ആശയവിനിമയം നഷ്ടപ്പെടുന്നതോടെ യുദ്ധക്കുറ്റങ്ങളടക്കം പുറത്ത് വരാത്ത സാഹചര്യം സൃഷ്ടിക്കുമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും മുന്നറിയിപ്പ് നല്‍കുന്നു.