എങ്ങനെയാണ് ഐഡിഎഫ് ഹമാസ് തലവൻ സിൻവാറിനെ കുരുക്കിയത്?

കഴിഞ്ഞ ഒരു വർഷമായി ഇസ്രയേലിന്റെ ചാരക്കണ്ണുകളെ വെട്ടിച്ച് യുദ്ധഭൂമിയിൽ ഒളിവിൽ കഴിയുകയായിരുന്നു ഹമാസ് തലവൻ യഹ്യ സിൻവാർ… ഗാസയിലുണ്ടായ ആക്രമണത്തിൽ ഹമാസ് തലവനെ വധിച്ചതായി ഇസ്രായേൽ സൈന്യം കഴിഞ്ഞ ദിവസമാണ് അവകാശപ്പെട്ടത്. ഒരു വർഷം നീണ്ട അന്വേഷണത്തിന് ശേഷമാണ് സതേൺ കമാൻഡിൽ നിന്നുള്ള ഐഡിഎഫ് സൈനികർ ഓപ്പറേഷനിലൂടെ ഹമാസ് ഭീകര സംഘടനയുടെ നേതാവിനെ കൊലപ്പെടുത്തിയത്.

കഴിഞ്ഞ വർഷം ഐഡിഎഫും ഐഎസ്എയും ഡസൻ കണക്കിന് ഓപറേഷനുകളാണ് സിൻവാറിനെ കണ്ടെത്താനും ഉന്മൂലനം ചെയ്യാനുമായി നടത്തിയത്. ഇതിന്റെ ആകെത്തുകയായി തെക്കൻ ഗാസ മുനമ്പിലെ റാഫയിൽ മാത്രമായി സിൻവാറിനെ കുരുക്കിയിടാൻ ഐഡിഎഫിന് കഴിഞ്ഞു. പ്രദേശത്തിന് പുറത്തു കടക്കാനാകാതെ ഇസ്രായേൽ വിരിച്ച കുരുക്കിൽ ഒടുവിൽ യഹ്യ സിൻവാർ വീണു.

മേഖലയിൽ പ്രവർത്തിച്ചിരുന്ന 828-ത് ബ്രിഗേഡിലെ (ബിസ്ലാച്ച്) ഐഡിഎഫ് സൈനീകർ ഡ്രോൺ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ യഹ്യയെ കണ്ടെത്തിയ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇസ്രായേൽ ഇപ്പോൾ. ഗാസയിലെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് അദ്ദേഹത്തിൻ്റെ മൃതദേഹം കണ്ടെത്തിയത്.

സിൻവാറിന്റെ അവസാന നിമിഷങ്ങൾ പകർത്തിയ ഡ്രോൺ ദൃശ്യങ്ങളാണ് ഇസ്രായേലി സൈനിക ഉദ്യോഗസ്ഥർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. തകർന്ന് തരിപ്പണമായ ഒരു അപ്പാർട്മെന്റിലെ സോഫയിൽ തലയും മുഖവും സ്കാർഫ് കൊണ്ട് മറച്ച് ഒരു കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ സിൻവാർ ഇരിക്കുന്നതാണ് വിഡിയോയിൽ കാണാൻ സാധിക്കുന്നത്.

ഒരു ബുള്ളറ്റ് പ്രൂഫ് വെസ്റ്റ്, ഗ്രനേഡുകൾ, 40,000 ഷെക്കൽ എന്നിവയോടൊപ്പമാണ് സിൻവാറിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതെന്നാണ് ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥർ പറയുന്നത് അനുസരിച്ചുള്ള റിപ്പോർട്ട്. ദൃശ്യങ്ങളിൽ സിൻവാർ ഡ്രോൺ കണ്ടെത്താതിരിക്കാനുള്ള തീവ്രശ്രമത്തിൽ ഒരു മരക്കഷ്ണം ഡ്രോണിന് നേരെ എറിയാൻ ശ്രമിക്കുന്നതും വിഡിയോയിൽ വ്യക്തമായി കാണാം. നിമിഷങ്ങൾക്കകം, കെട്ടിടത്തിന് നേരെയുള്ള മറ്റൊരു ആക്രമണത്തിൽ സിൻവാറും മറ്റ് രണ്ട് തീവ്രവാദികളും കൊല്ലപ്പെടുകയും ചെയ്യുകയായിരുന്നു. മൃതദേഹങ്ങളുടെ പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് സിൻവർ മരണപ്പെട്ടതായി ഐഡിഎഫ് വക്താവ് ഡാനിയൽ ഹാഗാരി അറിയിച്ചത്.

റഫ ജില്ലയിൽ മറ്റ് രണ്ട് ഭീകരരോടൊപ്പം കണ്ടതിനെ തുടർന്ന് സിൻവാർ കൊല്ലപ്പെടുകയായിരുന്നു എന്നാണ് ഡാനിയൽ ഹാഗാരി പറഞ്ഞത്. ഈ പ്രദേശത്ത് മൂന്ന് തീവ്രവാദികളെ സൈന്യം തിരിച്ചറിയുകയും വെടിവയ്പ്പിനിടെ സംഘം ചിതറിയോടിയപ്പോൾ സിൻവാർ ഒറ്റയ്ക്ക് കെട്ടിടങ്ങളിൽ ഒന്നിൽ ഓടിപ്പോവുകയും ചെയ്തു. ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിലിനിടെ മുഖം മൂടിയിരിക്കുന്ന സിൻവാറിനെ കാണുകയായിരുന്നു. കൂടുതൽ പരിശോധനയ്ക്കായി വിരലിന്റെ ഒരു ഭാഗം അയച്ചാണ്
മരിച്ചത് യഹ്യ തന്നെയാണെന്ന് സ്ഥിരീകരിച്ചത്.

‘തുഫാനുൽ അഖ്‌സ’ എന്നറിയപ്പെടുന്ന ഇസ്രയേലിനെതിരെ ഒക്ടോബർ 7-ന് ഹമാസിൻ്റെ ആക്രമണത്തിന് പിന്നിലെ മുഖ്യ സൂത്രധാരനാണ് സിൻവാർ. ആക്രമണത്തിൽ 1,200 ഓളം പേർ കൊല്ലപ്പെട്ടു. അതിനുശേഷം ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 17,000-ത്തിലധികം കുട്ടികളും 11,400 സ്ത്രീകളുമടക്കം 42,000-ലധികം ഫലസ്തീനികളുടെ ജീവനാണ് അപഹരിച്ചത്.

1962ൽ ഈജിപ്തിന്റെ നിയന്ത്രണത്തിലായിരുന്ന ഖാൻ യൂനിസിലെ അഭയാർഥി ക്യാമ്പിലായിരുന്നു സിൻവാറിന്റെ ജനനം. ഗാസയിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിൽ ഇസ്രയേലിന്റെ അധിനിവേശ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് 1982ലും 1985ലും സിൻവാർ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. പിന്നീട് ഹമാസ് രൂപീകരണത്തോടെ സംഘടനയുടെ ഭാഗമായ സിൻവാർ 1988ൽ വീണ്ടും അറസ്റ്റ് ചെയ്യപ്പെടുകയും നാല് ജീവപര്യന്തം ശിക്ഷിക്കപ്പെടുകയുമായിരുന്നു.

22 വർഷക്കാലമാണ് യഹിയ സിൻവാർ ഇസ്രയേലി തടവറയിൽ കഴിച്ചുകൂട്ടിയത്. ഹമാസ് പിടികൂടിയ ഇസ്രയേൽ സൈനികൻ ഗിലാദ് ഷാലിത്തിനെ വിട്ടയക്കാൻ പലസ്തീനി തടവുകാരെ മോചിപ്പിക്കണമെന്ന ധാരണയുടെ ഭാഗമായി 2011ലാണ് സിൻവാർ ജയിലിൽനിന്ന് പുറത്തിറങ്ങുന്നത്. മോചിതനായ ശേഷം, ഹമാസിൻ്റെ നേതൃനിരയിൽ തന്നെ ഏറ്റവും ശക്തനായ വ്യക്തിത്വമായി അതിവേഗമാണ് സിൻവാർ മാറിയത്. 2015ൽ അമേരിക്ക സിൻവറിനെ ‘ആഗോള ഭീകരനായി’ മുദ്രകുത്തുകയും ചെയ്തു.

ഇറാൻ സന്ദർശനത്തിനിടെ ഹമാസിൻ്റെ മുൻ മേധാവി ഇസ്മായിൽ ഹനിയയെ ഇസ്രായേൽ വധിച്ചതിനെ തുടർന്നാണ് ഉന്നത നേതാവായി സിൻവാറിനെ തിരഞ്ഞെടുത്തത്. വിട്ടുവീഴ്ചയില്ലാത്ത നിലപാടും ഇസ്രയേലി സമൂഹത്തെയും അതിൻ്റെ ആഭ്യന്തര രാഷ്ട്രീയത്തെയും കുറിച്ചുള്ള ആഴത്തിലുള്ള അറിവും കാരണം യഹ്യ സിൻവാറിനെ ഇസ്രായേലിൻ്റെ ഏറ്റവും ഭയാനകമായ ശത്രുക്കളിൽ ഒരാളായായിരുന്നു കണക്കാക്കിയത്. ഒക്‌ടോബർ ഏഴിലെ ആക്രമണത്തിന് തൊട്ടുപിന്നാലെ ഇസ്രയേലിന്റെ പ്രധാന ലക്ഷ്യമായിരുന്നു സിൻവറിനെ കൊല്ലുക എന്നത്.

Read more