അമേരിക്കയുടെ വിവിധ ഭാഗങ്ങിൽ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 31 പേർ മരിച്ചതായാണ് റിപ്പോർട്ട്. രൂക്ഷമായ കാലാവസ്ഥയെ തുടർന്ന് അർക്കൻസാസ്, ജോർജിയ ഗവർണർമാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരെ സഹായിക്കുന്നതിനായി അർക്കൻസാസ് ഗവർണർ സാറാ ഹക്കബി 2,50,000 ഡോളർ ദുരന്ത നിവാരണ ഫണ്ടായി അനുവദിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റിനെ തുടർന്ന് അമേരിക്കയിലെ മിസോറി, അർക്കൻസാസ്, ടെക്സസ്, ഒക്‌ലഹാമ എന്നീ നഗരങ്ങളിൽ നിരവധി നാശനഷ്ടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. അപകത്തെ തുടർന്ന് മിസോറിയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ 12 പേർ മരിച്ചതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പലയിടത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 100 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുന്ന കാലാവസ്ഥ മുന്നറിയിപ്പ് നാഷണൽ വെതർ സർവീസ് നൽകിയിട്ടുണ്ട്. കനേഡിയൻ അതിർത്തി മുതൽ ടെക്സസ് വരെ മണിക്കൂറിൽ 80 മൈൽ (130 കിലോമീറ്റർ) വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്നും പ്രവചനമുണ്ട്. ടെക്സസിലെ പാൻഹാൻഡിലിൽ ഉണ്ടായ പൊടിക്കാറ്റ് മൂലം കാർ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. അതേസമയം മിസിസിപ്പിയിലും അലബാമയിലും ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കിഴക്കൻ തീരത്തിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.