ഇന്ത്യയും ചൈനയും ഇപ്പോൾ വികസ്വര രാജ്യങ്ങളല്ലെന്നും വികസ്വര രാജ്യങ്ങളെന്ന ലോക വ്യാപാര സംഘടനയുടെ വിശേഷണം മുതലെടുക്കാൻ ഇരു രാജ്യങ്ങളെയും ഇനി മുതൽ അനുവദിക്കില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്.
“അമേരിക്ക ഫസ്റ്റ് ” എന്ന നയത്തിന്റെ വക്താവായ ട്രംപ്, യു.എസ് ഉത്പന്നങ്ങൾക്ക് വളരെ ഉയർന്ന തീരുവ ചുമത്തുന്ന ഇന്ത്യയെ നിശിതമായി വിമർശിക്കുകയും, ഇന്ത്യയെ “താരിഫ് രാജാവ്” എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.
ട്രംപ് സർക്കാർ ചൈനീസ് ചരക്കുകൾക്ക് ശിക്ഷാനടപടിയായി താരിഫ് ഏർപ്പെടുത്തുകയും ഇതിനെതിരെ ബീജിംഗ് തിരിച്ചടിക്കുകയും ചെയ്തതിനെ തുടർന്ന് യു.എസും ചൈനയും ഇപ്പോൾ കടുത്ത വ്യാപാര യുദ്ധത്തിലാണ്.
വികസ്വര രാജ്യം എന്ന പദവി എങ്ങനെ ആണ് നിര്‍ണയിക്കുന്നത് എന്ന് നിർവചിക്കാൻ ട്രംപ് ലോക വ്യാപാര സംഘടനയോട് ആവശ്യപ്പെട്ടിരുന്നു. ആഗോള വ്യാപാര നിയമങ്ങൾക്കനുസൃതമായി ഇളവുകൾ ലഭിക്കുന്ന ചൈന, തുർക്കി, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളെ ഒറ്റപ്പെടുത്താൻ ലക്ഷ്യമിട്ടായിരുന്നു ട്രംപിൻറെ ഈ നീക്കം.
ഏതെങ്കിലും വികസിത സമ്പദ്‌വ്യവസ്ഥകൾ ലോക വ്യാപാര സംഘടന നിയമങ്ങളുടെ പഴുതുകൾ അനുചിതമായി പ്രയോജനപ്പെടുത്തുന്നുണ്ടെങ്കിൽ ശിക്ഷാനടപടികൾ സ്വീകരിക്കാൻ യു.എസ് ട്രേഡ് റെപ്രസന്റേറ്റീവിനെ (യു.എസ്.ടി.ആർ) ഒരു മെമ്മോറാണ്ടത്തിൽ ട്രംപ് അധികാരപ്പെടുത്തിയിരുന്നു.
Read more
ഏഷ്യയിൽ നിന്നുള്ള രണ്ട് സാമ്പത്തിക ഭീമന്മാരായ ഇന്ത്യയും ചൈനയും ഇപ്പോൾ വികസ്വര രാജ്യങ്ങളല്ലെന്നും അതിനാൽ ലോക വ്യാപാര സംഘടനയുടെ ആനുകൂല്യം അവർക്ക് നേടാനാവില്ലെന്നും ചൊവ്വാഴ്ച പെൻസിൽവാനിയയിൽ നടന്ന ഒരു സമ്മേളനത്തിൽ വെച്ചാണ് ട്രംപ് പറഞ്ഞത്. ലോക വ്യാപാര സംഘടനയുടെ വികസ്വര രാഷ്ട്രപദവി ഇരു രാജ്യങ്ങളും പ്രയോജനപ്പെടുത്തുന്നു, ഇത് യു.എസിനെ പ്രതികൂലമായി ബാധിക്കുന്നു. ഇന്ത്യയും ചൈനയും വർഷങ്ങളോളം തങ്ങളെ മുതലെടുക്കുകയായിരുന്നു, ട്രംപ് കൂട്ടിച്ചേർത്തു.