യുഎന്‍ സെക്രട്ടറി ജനറലിനെ പിന്തുണയ്ക്കാതെ ഇന്ത്യ; ഗുട്ടറസിനെതിരെയുള്ള ഇസ്രയേല്‍ നീക്കത്തെ പിന്തുണച്ചു; വിലക്കിയ നടപടിയെ എതിര്‍ക്കില്ല; നയതന്ത്രത്തില്‍ നയം മാറ്റം

യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിനെതിരെയുള്ള ഇസ്രയേല്‍ നീക്കത്തെ പിന്തുണച്ച് ഇന്ത്യ. ഗുട്ടറസിനെ വിലക്കിയ ഇസ്രയേല്‍ നടപടിയെ അപലപിക്കുന്ന കത്തില്‍ ഒപ്പിടാന്‍ ഇന്ത്യ വിസമ്മതിച്ചു. യുഎന്‍ തയാറാക്കിയ കത്തില്‍ 104 രാജ്യങ്ങളും ആഫ്രിക്കന്‍ യൂണിയനും കത്തില്‍ ഒപ്പ് വെച്ചപ്പോള്‍ ഇന്ത്യ പിന്തിരിഞ്ഞ് നില്‍ക്കുകയാണ്. ഇന്ത്യയുടെ ഈ നീക്കം ഇസ്രയേലിനുള്ള പുര്‍ണപിന്തുണയാണെന്ന് വിലയിരുത്തിയിട്ടുണ്ട്.

ഇസ്രയേലിന് ആയുധം നല്‍കുന്നതിനെതിരെ, ഒരുവര്‍ഷത്തിനുള്ളില്‍ അധിനിവേശ പലസ്തീനില്‍നിന്ന് പിന്മാറണമെന്നതുള്‍പ്പെടെയുള്ള പ്രമേയങ്ങളില്‍ ഇന്ത്യ വോട്ടുചെയ്തിരുന്നില്ല. ഇത്തരത്തിലുള്ള നാല് പ്രതിഷേധ നീക്കങ്ങില്‍ ഇന്ത്യ പങ്കാളിയായില്ല. അന്റോണിയോ ഗുട്ടറസിനെ ‘പേഴ്‌സണല്‍ നോണ്‍ ഗ്രാറ്റ’യായി പ്രഖ്യാപിക്കാനുള്ള ഇസ്രയേലിന്റെ തീരുമാനത്തില്‍ കടുത്ത ആശങ്കയും അപലപനവും പ്രകടിപ്പിക്കുന്നതാണ് കത്ത്.

ഒക്ടോബര്‍ ആദ്യം ഇസ്രയേലിനെതിരെ ഇറാന്‍ നടത്തിയ ആക്രമണത്തെ വേണ്ടവിധം യുഎന്‍ സെക്രട്ടറി ജനറല്‍ അപലപിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗുട്ടറസിനെ വിലക്കിയത്. ‘ഗുട്ടറസിന് ഇസ്രയേലി മണ്ണില്‍ കാലുകുത്താനുള്ള അര്‍ഹതയില്ല’ എന്നായിരുന്നു ഇസ്രയേലി വിദേശകാര്യ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് ഒക്ടോബര്‍ രണ്ടിന് പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്.

ഇസ്രായേലിനെതിരായ ഇറാന്‍ ആക്രമണത്തെ അപലപിക്കാന്‍ കഴിയാത്ത ആര്‍ക്കും ഇസ്രായേലിന്റെ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ലെന്ന് കാറ്റ്സ് വ്യക്തമാക്കി. ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ കൂട്ടക്കൊലയെയും ലൈംഗിക അതിക്രമങ്ങളെയും ഇതുവരെ അപലപിച്ചിട്ടില്ലാത്ത ഒരു സെക്രട്ടറി ജനറലാണ് ഗുട്ടറസ്. ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാനുള്ള ഒരു ശ്രമത്തിനും അദ്ദേഹം നേതൃത്വം നല്‍കിയിട്ടില്ല. തീവ്രവാദികള്‍ക്കും ബലാത്സംഗക്കാര്‍ക്കും പിന്തുണ നല്‍കുന്ന ഒരു സെക്രട്ടറി ജനറലാണിത്. ഗുട്ടറസ് ഉണ്ടായാലും ഇല്ലെങ്കിലും ഇസ്രായേല്‍ തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കുന്നത് തുടരുമെന്നും ദേശീയ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more

അതേസമയം, ഇറാന്‍, ഹമാസ്, ഹിസ്ബുല്ല എന്നിവയുമായുള്ള ഇസ്രായേലിന്റെ പോരാട്ടത്തിലുടനീളം യുഎന്‍ തലവനായ ഗുട്ടറസ് ഒരു തരത്തിലും സഹായിച്ചിട്ടില്ലെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഡെപ്യൂട്ടി വക്താവ് അലക്‌സ് ഗാന്‍ഡ്ലര്‍ പറഞ്ഞു. എപ്പോഴും അവര്‍ക്കൊപ്പം നില്‍ക്കുകയാണ് ഗുട്ടറസ് ചെയ്തത്. കഴിഞ്ഞ ദിവസം പോലും ഇസ്രായേലിലെ സാധാരണക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തിട്ടും അവര്‍ക്ക് നേരെ വിരല്‍ ചൂണ്ടാന്‍ ഗുട്ടറസ് തയ്യാറായില്ലെന്നും അലക്‌സ് ഗാന്‍ഡ്ലര്‍ കൂട്ടിച്ചേര്‍ത്തു.