കൂടുതല്‍ കോവിഡ് വാക്‌സിന്‍ ഡോസുകള്‍ പുറത്തിറക്കാനുള്ള സമ്പന്നരാജ്യങ്ങളുടെ തിരക്ക് കൂട്ടല്‍ വാക്‌സിനേഷനിലെ അസമത്വം വര്‍ദ്ധിപ്പിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദനോം ഗെബ്രിയേസസ്. ഇതിനകം വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നതിന് പകരം ലോകത്തുള്ള വാക്‌സിന്‍ ലഭിക്കാത്ത ദുര്‍ബലരായ രാഷ്ടങ്ങളിലെ ജനങ്ങള്‍ക്ക് അവ ലഭ്യമാക്കുന്നതിന് മുന്‍ഗണന നല്‍കണം. അതാണ് കോവിഡിനെ അതിജീവിക്കാനുള്ള മാര്‍ഗമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒരു രാജ്യത്തിനും പകര്‍ച്ചവ്യാധിയില്‍ നിന്ന് ഒറ്റയ്ക്ക് കരകയറാന്‍ കഴിയില്ല. ചില സ്ഥലങ്ങളില്‍ കോവിഡ് അനിയന്ത്രിതമായി പടര്‍ന്നു പിടിക്കാനുള്ള സാഹചര്യം ഉണ്ടാകുന്നത് ഇനിയും കൂടുതല്‍ അപകടകരമായ വകഭേദങ്ങള്‍ ഉണ്ടായി വരുന്നതിന് കാരണമാകും. ഇതിനോടകം തന്നെ ഉയര്‍ന്ന തോതില്‍ വാക്‌സിനേഷന്‍ നടത്തിയ രാജ്യങ്ങളില്‍ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നത് വഴി കോവിഡ് അവസാനിക്കുകയില്ല. അത് കോവിഡ് ഇനിയും നീണ്ടുപോകുന്നതിന് കാരണമാകും.
യുഎന്‍ കണക്കുകള്‍ പ്രകാരം, സമ്പന്ന രാജ്യങ്ങളിലെ 67 ശതമാനം ആളുകള്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിന്‍ എങ്കിലും നല്‍കിയിട്ടുണ്ട്. എന്നാല്‍ സമ്പന്നമല്ലാത്ത രാജ്യങ്ങളില്‍ 10 ശതമാനം പേര്‍ക്ക് പോലും വാക്‌സിന്‍ ലഭിച്ചിട്ടില്ല. ആദ്യത്തെ വാക്‌സിനുകള്‍ പുറത്തിറക്കി ഒരു വര്‍ഷത്തിന് ശേഷവും ആഫ്രിക്കയിലെ നാലില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരും വാക്‌സിന്‍ എടുത്തിട്ടില്ല എന്ന സ്ഥിതിയാണെന്ന് അദ്ദേഹം പറഞ്ഞു.
Read more
അതേസമയം ഒമൈക്രോണ്‍ 106 രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ച് കഴിഞ്ഞു. എന്നാല്‍ നിലവിലുള്ള വാക്‌സിനുകള്‍ ഡെല്‍റ്റ ഒമൈക്രോണ്‍ വേരിയന്റുകള്‍ക്ക് എതിരെ ഫലപ്രദമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരിലും, മരിക്കുന്നവരിലും ബഹുഭൂരിപക്ഷവും വാക്‌സിന്‍ എടുക്കാത്തവരാണ്. അല്ലാതെ ബൂസ്റ്റ്രര്‍ ഡോസ് എടുക്കാത്തവര്‍ അല്ല. നിലവിലെ സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും, ആഘോഷങ്ങള്‍ നിയന്ത്രിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.