'ഇസ്രയേലിനെ നേരിട്ട് ആക്രമിക്കൂ'; പരമോന്നത നേതാവ് ആയത്തുള്ള ഉത്തരവിട്ടു; അയല്‍ രാജ്യങ്ങളിലെ ഭീകരസംഘടനകളുമായി ചര്‍ച്ച നടത്തി ഇറാന്‍

ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയെ ടെഹ്റാനില്‍ വെച്ച് കൊലപ്പെടുത്തിയതിനു പ്രതികാരമായി ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാന്‍ ഉത്തരവിട്ട് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയ്. ഇറാന്‍ സുപ്രീം ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗത്തിലാണ് ഇസ്രയേലിനെ ആക്രമിക്കാന്‍ ഖമനെയ് ഉത്തരവിട്ടിരിക്കുന്നത്.

പരമോന്ന നേതാവിന്റെ നിര്‍ദേശം തീര്‍ച്ചയായും നടപ്പാക്കുമെന്ന് ഹനിയയുടെ വിലാപയാത്രയില്‍ സംസാരിക്കവേ ഇറേനിയന്‍ പാര്‍ലമെന്ററി സ്പീക്കര്‍ മുഹമ്മദ് ബാഗെര്‍ ഘാലിബാഫ് പറഞ്ഞു. ഇസ്രയേലിനെ ആക്രമിക്കാനായി അയല്‍രാജ്യങ്ങളായ ലബനന്‍, ഇറാക്ക്, യെമന്‍ എന്നീ രാജ്യങ്ങളിലെ ഭീകരസംഘടനകളുടെ പ്രതിനിധികളുമായി ഇറാന്‍ ചര്‍ച്ച നടത്തിയിട്ടഒണ്ട്. ഹമാസിനു പുറമെ യെമനിലെ ഹൂതികള്‍, ലബനനിലെ ഹിസ്ബുള്ള, ഇറാക്കിലെ വിമത സംഘടനകള്‍ എന്നിവയുടെ പ്രതിനിധികളുമായാണ് കൂടിക്കാഴ്ച നടത്തിയത്.

ഹനിയയുടെ കൊലപാതകത്തിനു പിന്നില്‍ അമേരിക്കയാണെന്നും അമേരിക്കയുടെ അറിവില്ലാതെ ഇതു സംഭവിക്കില്ലെന്നും യുഎന്നിലെ ഇറാന്റെ സ്ഥിരം സ്ഥാനപതി സയീദ് ഇറാവാനി ആരോപിച്ചു.ഇറാന്‍ തിരിച്ചടിക്കുമെന്ന് സൂചന നല്‍കി ജംകരന്‍ പള്ളിയില്‍ കഴിഞ്ഞ ദിവസം കൊടി ഉയര്‍ത്തിയിരുന്നു. ഇറാന്‍ ചുമപ്പ് കൊടിയാണ് പള്ളിക്ക് മുകളില്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇതു ‘പ്രതികാരത്തിന്റെ ചെങ്കൊടി’ എന്നാണ് അറിയപ്പെടുന്നത്.ഇസ്രയേലിന് തിരിച്ചടി നല്‍കേണ്ടത് ഇറാന്റെ അഭിമാന പ്രശ്്‌നമായി മാറിയിരിക്കുകയാണ്.

ചൊവ്വാഴ്ച ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ തെഹ്‌റാനില്‍ എത്തിയതായിരുന്നു ഹനിയ്യ. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എക്സിലെ ഒരു പോസ്റ്റില്‍ ഹനിയ്യയുടെ രക്തസാക്ഷിത്വത്തില്‍ അനുശോചനം രേഖപ്പെടുത്തി.

ഹനിയയുടെ വധം ഇറാനെ ഞെട്ടിച്ചിരിക്കുകയാണ്. ‘ഞങ്ങളുടെ പ്രിയങ്കരനായ അതിഥിയെ ഞങ്ങളുടെ വീട്ടില്‍ വെച്ച് നിങ്ങള്‍ കൊന്നിരിക്കുന്നു. അതുവഴി കഠിനമായ ശിക്ഷക്കുള്ള വഴി പാകുകയും ചെയ്തു” പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ പ്രതികരണത്തില്‍ സൂചനകള്‍ വ്യക്തം

പ്രസിഡന്റിന്റെ സത്യപ്രതിജ്ഞക്കെത്തിയ ഔദ്യോഗിക അതിഥിയെ സ്വന്തം തലസ്ഥാനത്ത് പോലും സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നതിന്റെ കുറ്റബോധവും രോഷവും ഇറാന്‍ ഭരണകൂടത്തിന്റെ പ്രതികരണങ്ങളില്‍ ഉണ്ട്.

ഹനിയ ഇറാനില്‍ വധിക്കപ്പെട്ടതോടെ പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷവും സങ്കീര്‍ണവുമാകും.കഴിഞ്ഞ ഏപ്രിലില്‍ സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിലെ ഇറാന്‍ എംബസിയിലുണ്ടായിരുന്ന ഇറാന്റെ സൈനിക കമാന്‍ഡര്‍മാരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിനു തിരിച്ചടിയായി ഇസ്രയേലിലേക്ക് ആദ്യമായി ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തുകയും ചെയ്തു.

ഇറാന്റെ സൈനികആണവ പദ്ധതികളുടെ തലപ്പത്തുള്ളവരെ ഇസ്രയേല്‍ ഇറാനില്‍ കടന്നു മുന്‍പ് വകവരുത്തിയിട്ടുണ്ടെങ്കിലും പലസ്തീന്‍ നേതാവിനെ ഇല്ലാതാക്കുന്നത് ഇതാദ്യമാണ്.
2019 നു ശേഷം ടെഹ്റാനില്‍ ഹനിയ പതിനഞ്ചോളം സന്ദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. ടെഹ്റാന്‍ സുരക്ഷിതമാണെന്നു ഹമാസ് നേതൃത്വവും കരുതിയിട്ടുണ്ടാവണം. ഏപ്രിലിലെ സംഘര്‍ഷത്തിനുമുന്‍പ് ഇരുരാജ്യങ്ങളും പരസ്പരം ആക്രമിച്ചിരുന്നില്ല. ഹിസ്ബുല്ലയ്ക്ക് ഇറാന്‍ പണവും ആയുധങ്ങളും നല്‍കുന്നുണ്ട്, ലബനനില്‍നിന്നും സിറിയയില്‍നിന്നും ഹിസ്ബുല്ലയിലൂടെയാണ് ഇറാന്‍ ഇസ്രയേലിനെതിരെ പൊരുതിയിരുന്നത്. ഇപ്പോള്‍ നേരിട്ടും ഏറ്റുമുട്ടാന്‍ തുടങ്ങിയതോടെ മേഖലയില്‍ സംഘര്‍ഷം കൈവിട്ടുപോകുമെന്ന ഭീതിയുണ്ട്.