'മെയ് 28 മുതല്‍ പലസ്തീൻ സ്വതന്ത്ര രാഷ്ട്രം'; അംഗീകരിച്ച് നോര്‍വേ, അയര്‍ലന്‍ഡ്, സ്‌പെയ്ന്‍ രാജ്യങ്ങൾ

പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് നോര്‍വേ, അയര്‍ലന്‍ഡ്, സ്‌പെയ്ന്‍ എന്നീ രാജ്യങ്ങള്‍. മെയ് 28 മുതല്‍ പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന് നോര്‍വീജിയന്‍ പ്രധാനമന്ത്രി ജോനാസ് ഗഹ്ര്‍ സ്റ്റോര്‍ പ്രഖ്യാപിച്ചു. പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചില്ലെങ്കില്‍ പശ്ചിമേഷ്യയില്‍ സമാധാനമുണ്ടാകില്ലെന്നും പ്രഖ്യാപനത്തിനിടെ ജോനാസ് ഗഹ്ര്‍ സ്റ്റോര്‍ പറഞ്ഞു.

മെയ് 28 മുതല്‍ പലസ്തീനെ രാഷ്ട്രമായി കണക്കാക്കുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാന്‍ചെസും അറിയിച്ചു. അയര്‍ലന്‍ഡിന്റെയും പലസ്തീന്റെയും ചരിത്രപരമായി പ്രാധാന്യമുള്ള ദിവസമാണിതെന്ന് ഐറിഷ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് വ്യക്തമാക്കി. സ്‌പെയ്നും നോര്‍വേയും ചേര്‍ന്നുള്ള നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.

ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷം അവസാനിക്കുമെന്ന ഉദ്ദേശ്യത്തിലൂടെയാണ് ഈ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രയേല്‍- ഗാസ സംഘര്‍ഷത്തിനുള്ള ശാശ്വത പരിഹാരം ദ്വിരാഷ്ട്ര പരിഹാരമാണെന്ന് യൂറോപ്യന്‍ യൂണിയനിലെ പല രാജ്യങ്ങളും വാദിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനം മൂന്ന് രാജ്യങ്ങളും കൈക്കൊണ്ടത്.

Read more

അതേസമയം ഈ നീക്കത്തെ തുടര്‍ന്ന് ഇസ്രയേലിന്റെ അംബാസഡര്‍മാരെ അയര്‍ലന്‍ഡില്‍ നിന്നും നോര്‍വേയില്‍ നിന്നും വിദേശകാര്യ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് തിരികെ വിളിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തീവ്രവാദം പ്രതിഫലം നല്‍കുന്നുവെന്ന സന്ദേശമാണ് അയര്‍ലന്‍ഡും നോര്‍വേയും പലസ്തീനികള്‍ക്കും ലോകത്തിനും നല്‍കുന്നതെന്നും കാറ്റ്‌സ് പറഞ്ഞു. സ്‌പെയ്നും സമാന രീതിയാണ് സ്വീകരിക്കുന്നതെങ്കില്‍ അവിടെ നിന്നും അംബാസഡര്‍മാരെ തിരിച്ചുവിളിക്കുമെന്നും കാറ്റ്‌സ് വ്യക്തമാക്കി. പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നതോടെ ഗാസയില്‍ കുടുങ്ങി നില്‍ക്കുന്ന ഇസ്രയേല്‍ ബന്ദികളെ തിരികെ ലഭിക്കില്ലെന്നാണ് കാറ്റ്സിന്റെ അവകാശവാദം.