സിറിയയില്‍ അമേരിക്കയുടെ മിന്നല്‍ ആക്രമണം; ഐ.എസ് തലവന്‍ ഇബ്രാഹിം ഖുറേഷി കൊല്ലപ്പെട്ടു

ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവന്‍ ഇബ്രാഹിം അല്‍ ഹഷിമി അല്‍ ഖുറേഷിയെ വധിച്ചെന്ന് അമേരിക്ക. തീവ്രവാദ വിരുദ്ധ സേനയുടെ പ്രത്യേക സംഘം സിറിയയില്‍ നടത്തിയ മിന്നലാക്രമണത്തില്‍ ഐഎസ് തലവനെ വധിച്ചതായി പ്രസിഡന്റ് ജോ ബൈഡനാണ് അറിയിച്ചത്.

ബുധനാഴ്ച അര്‍ധരാത്രിയാണ് സിറിയ തുര്‍ക്കി അതിര്‍ത്തിയിലെ ഇഡ്‌ലിബ് പ്രവിശ്യയില്‍ യു.എസ്. സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയത്. വിമതരുടെ നിയന്ത്രണത്തിലുള്ള അത്മെ നഗരം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നിരവധി ഹെലികോപ്റ്ററുകള്‍ ആക്രമണത്തില്‍ പങ്കെടുത്തു.

ISIS Chief Abu Ibrahim al-Hashimi al-Qurayshi Removed From Battlefield" In Counterterror Op, Tweets US President Joe Biden

യുഎസ് സേനയ്ക്കു ശക്തമായ ചെറുത്തുനില്‍പ്പാണ് നേരിടേണ്ടിവന്നതെന്ന് പ്രാദേശിക വൃത്തങ്ങള്‍ പറഞ്ഞു. വാഹനങ്ങളില്‍ ഘടിപ്പിച്ച വിമാനവേധ തോക്കുകളില്‍ നിന്ന് സേനയ്ക്കു നേരെ വെടിവയ്പുണ്ടായി. തുര്‍ക്കി പിന്തുണയുള്ള വിമത വിഭാഗങ്ങളുടെ ശക്തികേന്ദ്രമാണ് ഈ പ്രദേശം.

2019 ല്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ വധിച്ചശേഷം അമേരിക്ക സിറിയയില്‍ നടത്തുന്ന ഏറ്റവും വലിയ സൈനിക നടപടിയാണിത്. ആക്രമണത്തില്‍ ആറ് കുട്ടികള്‍ ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. ദൗത്യത്തില്‍ പങ്കെടുത്ത അമേരിക്കന്‍ സൈനികരുടെ ധീരതയെ ബൈഡന്‍ അഭിനന്ദിച്ചു. ദൗത്യം വിജയകരമായിരുന്നുവെന്നും അമേരിക്കന്‍ സൈനികരെല്ലാം സുരക്ഷിതരാണെന്നും പെന്റഗണ് പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി പറഞ്ഞു.