ബംഗ്ലാദേശില്‍ സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കണം; നിലവിലെ സ്ഥിതിഗതികളില്‍ ആശങ്ക; കലാപം കൈവിട്ടുപോയപ്പോള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് ജമാഅത്തെ ഇസ്ലാമി ഹിന്ദ്

ബംഗ്ലാദേശില്‍ എത്രയും വേഗം ഇടക്കാല സര്‍ക്കാറിന് രൂപം നല്‍കണമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് അധ്യക്ഷന്‍ സയ്യിദ് സആദത്തുല്ല ഹുസൈനി. ബംഗ്ലാദേശില്‍ സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കാന്‍ അടിയന്തര നടപടി വേണം. അതിനായി എത്രയും വേഗം ഇടക്കാല സര്‍ക്കാറിന് രൂപം നല്‍കുകയും വൈകാതെ ജനാധിപത്യ പ്രക്രിയയിലൂടെ പൊതുതെരഞ്ഞെടുപ്പ് നടത്തി സ്വതന്ത്രവും നീതിയുക്തവുമായ ഭരണക്രമം ഉറപ്പുവരുത്തുകയും വേണമെന്നും അദേഹം പറഞ്ഞു. നിരപരാധികളായ പൗരന്മാര്‍ക്കെതിരായ പ്രത്യേകിച്ച്, ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ളവര്‍ക്കെതിരായ അതിക്രമങ്ങളെ അപലപിച്ചു. ബംഗ്ലാദേശിലെ നിലവിലെ സ്ഥിതിഗതികളില്‍ അദേഹം ആശങ്ക രേഖപ്പെടുത്തി.

ബംഗ്ലാദേശിലെ ആഭ്യന്തര സാഹചര്യം മേഖലക്കും അയല്‍രാജ്യങ്ങള്‍ക്കും സുരക്ഷാ ഭീഷണിയായി മാറാതിരിക്കാനുള്ള നടപടികളും സ്വീകരിക്കണം. രാജ്യത്ത് സമാധാനവും ക്രമവും പുനഃസ്ഥാപിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് കലാപം കൈവിട്ടു പോയപ്പോള്‍ പ്രതിഷേധക്കാരോടും പൊതുജനങ്ങളോടും അദ്ദേഹം അഭ്യര്‍ഥിച്ചു.

അതേസമയം, ബംഗ്ലദേശില്‍ ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ സമാധാന നൊബേല്‍ ജേതാവും സാമ്പത്തിക വിദഗ്ധനുമായ മുഹമ്മദ് യൂനുസ് എത്തുമെന്ന് ഏറെക്കുറെ ഉറപ്പായി. സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായി യൂനുസിനെ രാഷ്ട്രപതി നിയമിച്ചു. രാജ്യത്ത് പ്രക്ഷോഭം നടത്തിയിരുന്ന വിദ്യാര്‍ഥി സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. സര്‍ക്കാരിലെ മറ്റ് അംഗങ്ങളെ വൈകാതെ തീരുമാനിക്കും.

പാരിസില്‍ നിന്ന് യൂനുസ് വൈകാതെ ധാക്കയില്‍ എത്തും. ബംഗ്ലാദേശിനെ ‘സ്വതന്ത്ര രാജ്യം’ എന്നാണ് ഷെയ്ഖ് ഹസീനയുടെ രാജിയ്ക്കു ശേഷം നൊബേല്‍ ജേതാവ് മുഹമ്മദ് യൂനസ് വിശേഷിപ്പിച്ചത്. ഹസീന ഭരിക്കുമ്പോള്‍ ബംഗ്ലാദേശ് അധിനിവേശ രാജ്യമായിരുന്നു. അവര്‍ ഒരു അധിനിവേശ ശക്തിയെപ്പോലെയാണ് ഭരിച്ചത്. സ്വേച്ഛാധിപതിയെയും ജനറലിനെയും പോലെ എല്ലാം നിയന്ത്രിക്കുന്ന രീതിയിലായിരുന്നു പെരുമാറ്റമെന്നും യൂനസ് പറഞ്ഞു.

Read more

1940 ജൂണ്‍ 28ന് ബംഗ്ലാദേശിലെ ചിറ്റഗോങ്ങില്‍ ജനിച്ച മുഹമ്മദ് യൂനുസ് പ്രമുഖ സാമ്പത്തിക വിദഗ്ധനാണ്. ഗ്രാമീണരുടെ ദാരിദ്ര്യം തടയാന്‍ സൂക്ഷ്മ വായ്പ- നിക്ഷേപ പദ്ധതി നടപ്പിലാക്കിയ ഗ്രാമീണ്‍ ബാങ്കിന്റെ സ്ഥാപകനാണ് യൂനുസ്. യൂനുസിന് 2006 ലാണ് സമാധാന നൊബേല്‍ സമ്മാനം ലഭിച്ചത്. നൊബേല്‍ സമ്മാനത്തിനു പുറമെ, 2009ല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം, 2010ല്‍ കോണ്‍ഗ്രസ്സ് ഗോള്‍ഡ് മെഡല്‍ എന്നിവയുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ യൂനുസിന് ലഭിച്ചിട്ടുണ്ട്.