ട്രംമ്പ് അടിച്ചുകയറി വിജയിച്ചു; തപ്പിത്തടഞ്ഞ് ബൈഡന്‍; മാറി നില്‍ക്കണമെന്ന് ഡെമോക്രാറ്റിക് ക്യാമ്പ്; പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ 'അലമ്പ്'

ആദ്യ പ്രസിഡന്‍ഷ്യല്‍ സംവാദത്തില്‍ ട്രംപ് വിജയിച്ചതായി സിഎന്‍എന്‍ ചാനലിന്റെ അതിവേഗ സര്‍വേ ഫലം പുറത്ത് വന്നതിന് പിന്നാലെ യുഎസ് പ്രസിഡന്റ് ജോ ബൈഡന് സമ്മര്‍ദ്ദം. ട്രംപാണു മുന്നിട്ടു നിന്നതെന്ന് സര്‍വേയില്‍ പങ്കെടുത്ത 565 പേരില്‍ 67 ശതമാനവും അഭിപ്രായപ്പെട്ടു. ഇതോടെ ജോ ബൈഡന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍, നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന ആഹ്വാനം തള്ളി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി. പ്രായത്തിന്റെ പേരിലുള്ള വിമര്‍ശനങ്ങള്‍ തള്ളിക്കളഞ്ഞ ബൈഡന്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് അവകാശപ്പെട്ടു.

ബൈഡന്റെ പ്രകടനത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ക്കു തൃപ്തിയില്ലെന്നാണു പറയുന്നത്. തപ്പിത്തടഞ്ഞതിനു പുറമേ സ്വന്തം ഭരണനേട്ടങ്ങള്‍ ഫലപ്രദമായി അവതരിപ്പിക്കാനും സംവാദത്തില്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ബൈഡന്‍ ഒരു വിഷയത്തില്‍നിന്നു മറ്റൊന്നിലേക്ക് അതിവേഗം ചാടിച്ചാടിപ്പോയെന്നും നിരീക്ഷകര്‍ പറഞ്ഞു. നുണയനോടു സംവദിക്കുന്നത് എളുപ്പമല്ലെന്നും തനിക്കു തൊണ്ടവേദനയായിരുന്നുവെന്നും ബൈഡന്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

അതേസമയം,എണ്‍പത്തൊന്നുകാരനായ ബൈഡന്‍ സ്ഥാനാര്‍ഥിത്വം ഉപേക്ഷിക്കണമെന്ന ആവശ്യം സ്വന്തം ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍നിന്നും ഉയര്‍ന്നത് വലിയ വെല്ലുവിളിയാണ്.

‘എനിക്ക് ചെറുപ്പമല്ലെന്നറിയാം. എന്റെ നടത്തം പഴയതുപോലെ വേഗത്തിലല്ല. പഴയതുപോലെ സംവദിക്കാനും പറ്റുന്നില്ല. പക്ഷേ എങ്ങനെ സത്യം പറയണമെന്ന് എനിക്കറിയാം. എങ്ങനെ ജോലി ചെയ്യണമെന്നും അറിയാമെന്നാണ് ബൈഡന് ഇതിന് മറുപടി നല്‍കിയിരിക്കുന്നത്. അതേസമയം, ഡെമോക്രാറ്റിക് ക്യാന്പിലെ പലരും ബൈഡന്റെ കഴിവില്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. .

സംവാദത്തില്‍ സന്പദ്വ്യവസ്ഥ, കുടിയേറ്റം, കാപ്പിറ്റോള്‍ കലാപം തുടങ്ങി ചര്‍ച്ച ചെയ്ത വിഷയങ്ങളിലെല്ലാം ട്രംപിന്റെ ആക്രമണത്തിനു മുന്നില്‍ ബൈഡനു പിടിച്ചുനില്‍ക്കാനായില്ല.

സംവാദത്തിനിടെ കാട്ടിയ ആശയക്കുഴപ്പവും തപ്പലും ബൈഡന്റെ പ്രായാധിക്യത്തെക്കുറിച്ച് വോട്ടര്‍മാര്‍ക്കുള്ള ആശങ്ക ബലപ്പെടുത്തുമെന്നാണു നിരീക്ഷണം. ട്രംപ് വീണ്ടും വൈറ്റ് ഹൗസിലെത്താതിരിക്കാന്‍ ഡെമോക്രാറ്റുകള്‍ എണ്‍പത്തൊന്നുകാരനായ ബൈഡനു പകരം സ്ഥാനാര്‍ഥിയെ കണ്ടെത്തണമെന്ന ആവശ്യവും ഉയര്‍ന്നു.

സംവാദത്തിന്റെ തുടക്കത്തില്‍ ട്രംപിനെതിരേ ആരോപണശരങ്ങള്‍ തൊടുക്കാന്‍ ബൈഡനു കഴിഞ്ഞു. ട്രംപിനെതിരായ കേസുകളും സൈനികര്‍ക്കെതിരായ പ്രസ്താവനകളും ബൈഡന്‍ എടുത്തിട്ടു.

എന്നാല്‍, പിന്നീട് പലപ്പോഴും ബൈഡനു വാക്കുകള്‍ കിട്ടാത്ത അവസ്ഥയായി. അവസരം മുതലാക്കിയ ട്രംപ്, ബൈഡന്റെ ബലഹീനകളിലേക്കും കുടിയേറ്റത്തെക്കുറിച്ചുള്ള ആശങ്കകളിലേക്കും സംവാദത്തെ വഴിതിരിച്ചുവിട്ടു. ഇതോടെ ബൈഡന് വാക്കുകള്‍ കിട്ടാതെയായി.