അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാനഘട്ടത്തില്‍; ആദ്യഫല സൂചനകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍; പെന്‍സില്‍വാനിയയില്‍ റിപ്പബ്ലിക്കന്‍ ക്യാമ്പിന് പ്രതീക്ഷ

അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാനഘട്ടത്തില്‍. ആദ്യഫല സൂചനകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പുറത്തുവരും. ആറ് വോട്ടര്‍മാര്‍ മാത്രമുള്ള ന്യൂ ഹാംപ്ഷയറിലെ ഡിക്‌സ്‌വില്‍ നോച്ചിലാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിനും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനും മൂന്നുവീതം വോട്ടുകള്‍ ലഭിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. പോളിങ് അവസാനിക്കുന്ന മുറയ്ക്ക് വോട്ടെണ്ണിത്തുടങ്ങും.

ആര്‍ക്കും വ്യക്തമായ മുന്‍തൂക്കം പ്രവചിക്കാനാകാത്ത തെരഞ്ഞെടുപ്പെന്ന പ്രത്യേക കൂടി ഇത്തവണയുണ്ട്. ന്യൂയോര്‍ക്ക് ടൈംസ് സര്‍വെ പ്രകാരം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയും വൈസ് പ്രസിഡന്റുമായ കമലാ ഹാരിസിന് നേരിയ മുന്‍തൂക്കമുണ്ട്. പെന്‍സല്‍വേനിയ, വിസ്‌കോണ്‍സന്‍, മിഷിഗന്‍, നെവാദ, ജോര്‍ജിയ, നോര്‍ത് കരോലൈന, അരിസോണ എന്നീ സംസ്ഥാനങ്ങളുടെ വോട്ടുനിലയായിരിക്കും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുക.

പെന്‍സില്‍വാനിയയില്‍ ട്രംപിന് നേരിയ മുന്‍തൂക്കം പ്രവചിക്കുന്നത് റിപ്പബ്ലിക്കന്‍ ക്യാമ്പിന് പ്രതീക്ഷയേകുന്നു. 2016ല്‍ പെന്‍സില്‍വാനിയും വിസ്‌കോണ്‍സിനും മിഷിഗണും ട്രംപിനൊപ്പമായിരുന്നു. പെന്‍സില്‍വാനിയയിലായുന്നു കമലയുടെ അവസാനഘട്ട പ്രചാരണം. ട്രംപ് അവസാനവട്ട പ്രചരണത്തിനിറങ്ങിയത് മിഷിഗണിയാലിരുന്നു.

ഫ്‌ലോറിഡയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് വോട്ടുരേഖപ്പെടുത്തി. ഫ്‌ലോറിഡയിലെ പാം ബീച്ചിലെ പോളിങ് സ്റ്റേഷനില്‍ ഭാര്യ മെലാനിയയ്‌ക്കൊപ്പമെത്തിയാണ് ട്രംപ് വോട്ടുരേഖപ്പെടുത്തിയത്. വലിയ ആത്മവിശ്വാസത്തിലാണ് താനെന്ന് വോട്ടുരേഖപ്പെടുത്തിയ ശേഷം ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Read more

പോളിങ് ബൂത്തുകള്‍ക്കു മുന്നില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. പോളിങ് ബൂത്തിലെ തിരക്ക് അഭിമാനമുണ്ടാക്കുന്നുവെന്നും ട്രംപ് പറഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജെ.ഡി.വാന്‍സും വോട്ടു രേഖപ്പെടുത്തി. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ കമല ഹാരിസ് നേരത്തെ തപാല്‍ വോട്ടു ചെയ്തിരുന്നു.