മൊസാംബിക്കില്‍ ഐ.എസ് ഭീകരരെ കൊന്നൊടുക്കി സിംഹങ്ങളും മുതലകളും

ആഫ്രിക്കയില്‍ വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍ ഐഎസ് ഭീകരര്‍ കൊല്ലപ്പെടുന്നതായി റിപ്പോര്‍ട്ട്. വടക്കന്‍ മൊസാംബിക്കിലാണ് ഭീകരര്‍ സിംഹങ്ങളുടെയും പാമ്പുകളുടെയും മുതലകളുടെയും ഇരകളായിത്തീര്‍ന്നത്. കാബോ ഡെല്‍ഗാഡോ പ്രവിശ്യയിലുള്ള ക്വിസംഗ ജില്ലയിലെ പോലീസ് മേധാവിയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ക്വിസംഗയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം ഇത്തരത്തില്‍ കൊല്ലപ്പെട്ടത് 16 ഭീകരരാണ്.

വലിയ ഒരു സംഘം ഭീകരര്‍ സിംഹങ്ങള്‍, പാമ്പുകള്‍, മുതലകള്‍, കാട്ടുപോത്തുകള്‍ തുടങ്ങിയ വന്യമൃഗങ്ങളുടെ മുന്നില്‍പ്പെട്ട് മരണപ്പെടുന്നുവെന്ന് പോലീസ് അറിയിച്ചു. മൊസാംബിക്കില്‍ ദീര്‍ഘനാളായി ഐഎസ് ഭീകരരും സര്‍ക്കാര്‍ അനുകൂല സേനകളും തമ്മില്‍ പോരാട്ടം തുടര്‍ന്നുവരികയാണ്.

അല്‍ ഷബാബ് എന്ന ഉപസംഘടനയുടെ പേരിലാണ് ഐഎസ് മൊസാംബിക്കില്‍ പ്രവര്‍ത്തിക്കുന്നത്. മൊസാംബിക്കില്‍ 2017 മുതലാണ് ഐഎസ് ആക്രമണങ്ങള്‍ ആരംഭിച്ചത്. ഭീകരര്‍ കുട്ടികളെ ചാവേറുകളാക്കുന്നുണ്ടെന്നും, അഞ്ച് വയസ്സു മുതലുള്ള കുട്ടികള്‍ക്ക് ആയുധ പരിശീലനം ഭീകരര്‍ നല്‍കി വരുന്നുണ്ട് എന്നതിന് തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും യൂനിസെഫ് വക്താവ് ജയിംസ് എല്‍ഡര്‍ പറഞ്ഞു.

Read more

ഭീകരരുടെ ആക്രമങ്ങള്‍ വര്‍ദ്ധിച്ചതോടെ 4,000-ത്തിലധികം പേര്‍ കൊല്ലപ്പെടുകയും 950,000-ത്തിലധികം പേര്‍ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്തിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.