സുപ്രീം കോടതി വിധിക്ക് വഴങ്ങി മസ്ക്; ഇനി ബ്രസീലിന്റെ രാജ്യ പരിധിയ്ക്കുള്ളിൽ എക്‌സ് ലഭിക്കില്ല

സോഷ്യൽ മീഡിയാ വെബ്സൈറ്റായ എക്‌സ് നിരോധിക്കാനുള്ള ബ്രസീൽ സുപ്രീം കോടതി വിധി അനുസരിക്കാൻ തയ്യാറായി ഇലോൺ മസ്ക്. ഇനി ബ്രസീലിന്റെ രാജ്യ പരിധിയ്ക്കുള്ളിൽ എക്‌സ് ലഭിക്കില്ല. അതേസമയം ഇലോൺ മസ്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഉപഗ്രഹ ഇൻ്റർനെറ്റ്‌ സേവനമായ സ്റ്റാർലിങ്കിന്റെ നെറ്റ്‌വർക്കിലും ഇനി എക്‌സ് ലഭിക്കില്ല.

എക്സ് നിരോധിക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ നിലകൊണ്ട കമ്പനി പിന്നീട് അത് പാലിക്കാൻ തയ്യാറാവുകയായിരുന്നു. ഉത്തരവിറക്കിയ ബ്രസീലിയൻ സുപ്രീം കോടതി ജഡ്‌ജി അലക്‌സാന്ദ്രേ ഡി മാറേസിനെതിരെ ഇലോൺ മസ്‌ക് പരസ്യമായ വിമർശങ്ങളുയർത്തി രംഗത്തുവന്നിരുന്നു. സെപ്റ്റംബർ 2-നും ഈ ഉത്തരവിൽ മാറ്റം വരുത്താൻ സുപ്രീംകോടതി തയ്യാറായില്ല. ബ്രസീലിയൻ പ്രസിഡൻ്റ് യുയിസ് ഇനാസിയോ ലുല ഡി സിൽവയും നിരോധനത്തെ പിന്താങ്ങി.

രാജ്യത്തെ എല്ലാ ഇൻ്റർനെറ്റ്‌ സേവനദാതാക്കളോടും എക്‌സിൻ്റെ ലഭ്യത തടയാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഗൂഗിളിൻ്റേയും ആപ്പിളിന്റേയും ആപ്പ് സ്റ്റോറുകളിൽ നിന്ന് എക്‌സ് നീക്കം ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾക്ക് എതിരെ നടപടി എടുക്കണമെന്ന ഉത്തരവ് പാലിക്കാത്തതും രാജ്യത്ത് പുതിയ നിയമകാര്യ പ്രതിനിധിയെ നിയമിക്കണമെന്ന സുപ്രീംകോടതി നിർദേശം അനുസരിക്കാതിരുന്നതുമാണ് നടപടിയിലേക്ക് നയിച്ചത്.

ഏപ്രിലിൽ വ്യാജ വാർത്ത പരത്തുന്ന എക്‌സ്‌ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ഉത്തരവ് പുറത്തിറക്കിയതിന് പിന്നാലെയാണ് കോടതിയും എക്സും തമ്മിലുള്ള പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്. ഈ ഉത്തരവ് എക്‌സ് പാലിച്ചില്ല. കൂടാതെ അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിൻ്റെ അടിത്തറയാണെന്നും ബ്രസീലിലെ തിരഞ്ഞെടുക്കപ്പെടാത്ത ഒരു കപട ജഡ്‌ജി രാഷ്ട്രീയ ആവശ്യങ്ങൾക്കായി അതിനെ നശിപ്പിക്കുകയാണെന്ന് എക്സ് മേധാവി ഇലോൺ മസ്‌ക് പോസ്റ്റും ഇട്ടിരുന്നു.