യു.എസിൽ നടന്ന 9/11 ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഒസാമ ബിൻ ലാദന് ആക്രമണത്തിൽ പങ്കില്ലെന്നും അഫ്ഗാനിസ്ഥാനെതിരെ യുദ്ധം ചെയ്യാൻ അമേരിക്കക്കാർ ഇത് ഒരു ഒഴികഴിവായി ഉപയോഗിച്ചുവെന്നും താലിബാൻ അവകാശപ്പെട്ടു.
“20 വർഷത്തെ യുദ്ധത്തിന് ശേഷവും, 2001 സെപ്റ്റംബർ 11 ആക്രമണത്തിൽ ഒസാമ ബിൻ ലാദന്റെ പങ്കാളിത്തത്തിന് തെളിവുകളൊന്നുമില്ല.” എന്ന് താലിബാൻ വക്താവ് സബീബുള്ള മുജാഹിദ് എൻബിസി ന്യൂസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“ഈ യുദ്ധത്തിന് ഒരു ന്യായീകരണവും ഇല്ലായിരുന്നു, ഇത് അമേരിക്കക്കാർ യുദ്ധത്തിന് ഒരു ഒഴികഴിവായി ഉപയോഗിച്ചു,” സബീബുള്ള മുജാഹിദ് പറഞ്ഞു.
9/11 ആക്രമണം നടത്തിയ അൽ-ഖ്വയ്ദ പോലുള്ള ഭീകര സംഘടനകൾക്ക് അഫ്ഗാനിസ്ഥാൻ വീണ്ടും ആതിഥേയരാകില്ലെന്ന് താലിബാൻ ഉറപ്പു നൽകുന്നുണ്ടോ എന്ന ചോദ്യത്തിന്, അഫ്ഗാൻ മണ്ണ് ഭീകരതയ്ക്ക് സുരക്ഷിത താവളമാകില്ലെന്ന് തങ്ങൾ ആവർത്തിച്ച് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് താലിബാൻ വക്താവ് പറഞ്ഞു.
“ലാദൻ അമേരിക്കക്കാർക്ക് ഒരു പ്രശ്നമായി മാറിയപ്പോൾ അദ്ദേഹം അഫ്ഗാനിസ്ഥാനിലായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പങ്കാളിത്തത്തിന് തെളിവില്ലായിരുന്നു, അഫ്ഗാൻ മണ്ണ് ആർക്കും എതിരെ ഉപയോഗിക്കില്ലെന്ന് ഞങ്ങൾ ഇപ്പോൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.” സബീബുള്ള മുജാഹിദ് പറഞ്ഞു.
“ഞങ്ങൾ സ്ത്രീകളെ ബഹുമാനിക്കുന്നു, അവർ ഞങ്ങളുടെ സഹോദരിമാരാണ്. അവർ ഭയപ്പെടേണ്ടതില്ല. താലിബാൻ രാജ്യത്തിനു വേണ്ടി പോരാടി. സ്ത്രീകൾ ഞങ്ങളെക്കുറിച്ച് അഭിമാനിക്കണം, ഭയപ്പെടരുത്. ” താലിബാൻ ഭരണത്തിൻ കീഴിൽ തങ്ങളുടെ അവകാശങ്ങൾ നഷ്ടപ്പെടുമെന്ന് ഭയന്ന് ജീവിക്കുന്ന സ്ത്രീകളെക്കുറിച്ച് ചോദിച്ചപ്പോൾ മുജാഹിദ് പറഞ്ഞു.
“അഫ്ഗാൻ പൗരന്മാർ രാജ്യം വിടുന്നത് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ കാലങ്ങളിൽ അവർ ചെയ്തതിനെല്ലാം അവർക്ക് പൊതുമാപ്പ് നൽകി. ചെറുപ്പക്കാരും വിദ്യാസമ്പന്നരുമായ ആളുകളെ രാജ്യത്തിന് ആവശ്യമാണ്. പക്ഷേ അവർക്ക് പോകണമെങ്കിൽ അത് അവരുടെ ഇഷ്ടമാണ്. ” താലിബാൻ ഭരണകൂടത്തെ ഭയന്ന് രാജ്യം വിടുന്ന ആയിരക്കണക്കിന് അഫ്ഗാനികളെക്കുറിച്ച് ചോദിച്ചപ്പോൾ എൻബിസി അഭിമുഖത്തിൽ സബീബുള്ള മുജാഹിദ് പറഞ്ഞു.
Read more
താലിബാൻ ഭീകരർ ഏതാണ്ട് മുഴുവൻ രാജ്യവും പിടിച്ചടക്കിയതിന് പിന്നാലെ ഓഗസ്റ്റ് 15 ന് അഫ്ഗാനിസ്ഥാൻ സർക്കാർ താലിബാനോട് പരാജയപ്പെട്ടു. അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാൻ പിടിച്ചെടുത്തതോടെ ആയിരക്കണക്കിന് അഫ്ഗാനികൾ രാജ്യം വിട്ട് ഓടിപ്പോകാൻ ശ്രമിക്കുകയാണ്.