ഗാസയിലെ ഇസ്രയേല്‍ ആക്രമണം ലൈവായി കാണിച്ചു; വെസ്റ്റ്ബാങ്കില്‍ പ്രവര്‍ത്തിക്കാനാകില്ല; അല്‍ ജസീറ ചാനലിനെ വിലക്കി പലസ്തീന്‍ സര്‍ക്കാര്‍

ഗാസയിലെ ഇസ്രയേലിന്റെ ആക്രമണം ലൈവായി റിപ്പോര്‍ട്ടുചെയ്ത അല്‍ ജസീറയ്ക്ക് പ്രവര്‍ത്തന വിലക്കേര്‍പ്പെടുത്തി പലസ്തീന്‍ സര്‍ക്കാര്‍. വെസ്റ്റ്ബാങ്കില്‍ പ്രവര്‍ത്തിക്കുന്നതിനാണ് വിലക്ക്. വെസ്റ്റ്ബാങ്കിനെ പൂര്‍ണമായും അധീനപ്പെടുത്താനുള്ള ഇസ്രയേല്‍ നടപടികള്‍ക്ക് പിന്തുണ നല്‍കുന്ന പലസ്തീന്‍ സര്‍ക്കാര്‍ സുരക്ഷാവിഷയങ്ങളില്‍ ചേര്‍ന്നുപ്രവര്‍ത്തിക്കാറുണ്ട്. ഇസ്രയേലിന്റെ പങ്കാളിയായിട്ടാണ് ഇവരെ ഗാസയിലുള്ളവര്‍ കരുതുന്നത്.

ഇവര്‍ ജെനീന്‍ അഭയാര്‍ഥിക്യാമ്പില്‍ ഇസ്രയേല്‍ വിരുദ്ധ സായുധ സൈനികരെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ കഴിഞ്ഞമാസം തുടങ്ങിയിരുന്നു. ഇതേ തുടര്‍ന്നാണ് ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നു എന്നാരോപിച്ച് വെസ്റ്റ്ബാങ്കില്‍ പ്രവര്‍ത്തിക്കുന്നതില്‍നിന്ന് അല്‍ ജസീറയെ വിലക്കിയത്.

കഴിഞ്ഞവര്‍ഷം വെസ്റ്റ്ബാങ്കിലെ അല്‍ ജസീറയുടെ ഓഫീസ് ഇസ്രയേല്‍ റെയ്ഡ് ചെയ്ത് മാധ്യമത്തിന്റെ പ്രവര്‍ത്തനം നിരോധിക്കുന്നതായി ഇസ്രയേല്‍ ഉത്തരവിട്ടിരുന്നു.
ഇതിന്റെ ഭാഗമായി പാര്‍ലമെന്റില്‍ പ്രത്യേക നിയമം പാസാക്കി. പാലസ്തീനില്‍ ഹമാസ് തീവ്രവാദികളെ ചാനല്‍ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് ഇസ്രയേല്‍ നടപടി ആരംഭിച്ചത്.
പുതിയ നിയമത്തില്‍ വിദേശ ചാനലുകളുടെ ഓഫീസുകള്‍ നിരോധിക്കുന്നതിനുള്ള അധികാരവും സര്‍ക്കാരിന്റെ കരങ്ങളിലെത്തി.

പാര്‍ലമെന്റില്‍ 70-10 വോട്ടുനിലയിലാണ് നിയമം പാസായത്. ഇസ്രയേലില്‍ ഹമാസ് തീവ്രവാദികള്‍ നടത്തിയ കൂട്ടക്കൊലയില്‍ അല്‍ ജസീറ പങ്കാളികളാണെന്നും, അല്‍ ജസീറ ഹമാസിനെ പിന്തുണയ്ക്കുന്നുവെന്നും ഇതിനു പിന്നാലെ നെതന്യാഹു എക്സില്‍ കുറിച്ചു. ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അല്‍ ജസീറയുടെ മാധ്യമ പ്രവര്‍ത്തകര്‍ ഹമാസിന്റെ ഭാഗമായവരാണെന്ന് ഇസ്രയേല്‍ ഔദ്യോഗിക പ്രസ്താവന ഇറക്കിയിരുന്നു. ഹമാസ് അനുകൂല വാര്‍ത്തകളാണ് ചാനല്‍ നല്‍കുന്നതെന്നാണ് നിരോധനത്തില്‍ ഇസ്രയേല്‍ ഉയര്‍ത്തുന്ന വാദം.

അതേസമയം, പാലസ്തീന്‍ വിലക്കിയ നടപടിയെ അപലപിച്ച അല്‍ജസീറ ചാനല്‍, ഇസ്രയേല്‍ അതിക്രമങ്ങള്‍ മറച്ചുവയ്ക്കാനാണ് പാശ്ചാത്യ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പലസ്തീന്‍ സര്‍ക്കാരിന്റെ ശ്രമമെന്ന് ആരോപിച്ചു.