'കമലയേക്കാൾ ഭംഗി തനിക്ക്, ഫോട്ടോഗ്രാഫുകൾ മോശം'; വ്യക്തിയധിക്ഷേപം തുടർന്ന് ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡെമോക്രാറ്റിക്‌ സ്ഥാനാർത്ഥി കമല ഹാരിസിനെതിരെ വ്യക്തിയധിക്ഷേപം തുടർന്ന് ഡൊണാൾഡ് ട്രംപ്. മുൻപ് പേര് തെറ്റിച്ചുവിളിച്ചും മറ്റും കമലയെ ട്രംപ് കളിയാക്കുമെങ്കിലും ഇപ്പോൾ എല്ലാ പരിധികളും കടന്ന് രൂക്ഷമായ വ്യക്തിയധിക്ഷേപത്തിലേക്ക് കടന്നിരിക്കുകയാണ്.

ഒരു ഇലക്ഷൻ റാലിയിൽ വെച്ച് കമലയുടെ രുപത്തെ പരിഹസിച്ചുകൊണ്ടാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ടൈം മാഗസിന്റെ കവർചിത്രമായി വന്ന കമലയുടെ ഫോട്ടോഗ്രാഫിനെ കളിയാക്കുകയായിരുന്നു ട്രംപ്. ഈ ഫോട്ടോ കണ്ടപ്പോൾ കമലയേക്കാൾ ഭംഗി തനിക്കുണ്ടെന്ന് തോന്നിയെന്നും ഫോട്ടോഗ്രാഫുകൾ മോശമാണെന്നും ട്രംപ് പറഞ്ഞു.

കമലയുടെ ഫോട്ടോ ഒന്നും കൊള്ളില്ലാത്തതുകൊണ്ട് മാഗസിന്റെ പബ്ലിഷർമാർക്ക് നന്നായി ചിത്രം വരയ്ക്കുന്ന ഒരാളെ കൊണ്ടുവരേണ്ടിവന്നുവെന്നും ട്രംപ് പരിഹസിച്ചു. പേര് തെറ്റിച്ചുവിളിച്ചും മറ്റും കമലയെ ട്രംപ് കളിയാക്കുമെങ്കിലും ഇപ്പോൾ എല്ലാ പരിധികളും മറികടന്നാണ് കമലയ്‌ക്കെതിരെ രൂക്ഷമായ വ്യക്തിയധിക്ഷേപം നടത്തിയത്.

അതേസമയം നവംബറിലാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. മത്സരത്തിൽ നിന്നും പ്രസിഡന്റ് ജോ ബൈഡൻ പിന്മാറിയതിന് പിന്നാലെയാണ് വൈസ് പ്രസിഡന്റ് കമല ഹാരിസ് മത്സരത്തിനിറങ്ങിയത്. യുഎസ് തിരഞ്ഞെടുപ്പിന് 4 മാസം മാത്രം ബാക്കിനില്‍ക്കേയായിരുന്നു ബൈഡന്റെ പിന്മാറ്റം. ഇതിന് പിന്നാലെ ശക്തമായ പിന്തുണയാണ് കമല ഹാരിസിന് ലഭിക്കുന്നത്. ആദ്യമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി ഒരാഴ്ചകൊണ്ട് 200 മില്യൺ ഡോളർ സമാഹരിച്ച റെക്കോർഡും കമലയ്ക്ക് തന്നെയായിരുന്നു.