എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം ഇന്ന്; അന്ത്യവിശ്രമം ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന് അരികെ

എലിസബത്ത് രാജ്ഞിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ ഇന്ന് 6. 30 വരെയാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം. സംസ്‌കാരച്ചടങ്ങിനോട് അനുബന്ധിച്ച് യുകെയില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ‘ദ് ലോങ് വോക്’ നിരത്തിലൂടെയാണ് അന്ത്യയാത്ര.

ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന് അരികെ കിങ് ജോര്‍ജ് ആറാമന്‍ മെമ്മോറിയല്‍ ചാപ്പലിലാണു രാജ്ഞിയുടെ അന്ത്യവിശ്രമം. ഏകദേശം പത്ത് ലക്ഷം പേരെങ്കിലും സംസ്‌കാരച്ചടങ്ങിന് എത്തുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

എലിസബത്ത് രാജ്ഞിക്ക് യാത്രാമൊഴി നല്‍കാന്‍ വിവിധ രാജ്യങ്ങളിലെ നേതാക്കള്‍ ഇതിനകം ബക്കിങ്ഹാം കൊട്ടാരത്തില്‍ എത്തിയിട്ടുണ്ട്. രാഷ്ട്രപതി ദ്രൗപദി മുര്‍മു, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഗള്‍ഫ് രാജ്യങ്ങളിലെ നേതാക്കന്മാര്‍ തുടങ്ങി നൂറിലേറെ പേരാണ് ലണ്ടനിലെത്തിയിട്ടുളളത്.

യുകെയിലെ സിനിമ തിയറ്ററുകളിലും നഗരങ്ങളില്‍ സ്ഥാപിച്ച വലിയ സ്‌ക്രീനുകളിലും സംസ്‌കാരച്ചടങ്ങുകള്‍ തല്‍സമയം കാണിക്കുന്നുണ്ട്. കൂടുതല്‍ ആളുകള്‍ എത്തുന്നതിനാല്‍ 250 അധിക ട്രെയിന്‍ സര്‍വീസുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.