സൗദി അറേബ്യയിലാണ് പലസ്തീനികൾ തങ്ങളുടെ രാഷ്ട്രം സ്ഥാപിക്കേണ്ടതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിർദ്ദേശിച്ചു. “സൗദി അറേബ്യയിൽ ഒരു പലസ്തീൻ രാഷ്ട്രം സൃഷ്ടിക്കാൻ സൗദികൾക്ക് കഴിയും; അവർക്ക് അവിടെ ധാരാളം ഭൂമിയുണ്ട്.” നെതന്യാഹു വ്യാഴാഴ്ച ഇസ്രായേലി ചാനൽ 14 ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സൗദി അറേബ്യയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ ഒരു പലസ്തീൻ രാഷ്ട്രം ആവശ്യമാണോ എന്ന് ചോദിച്ചപ്പോൾ, “ഇസ്രായേലിനുള്ള സുരക്ഷാ ഭീഷണിയാണ്” പലസ്തീൻ രാഷ്ട്രം എന്നാണ് നെതന്യാഹു പ്രതികരിച്ചത്. “ഇസ്രായേലിനും സൗദി അറേബ്യയ്ക്കും ഇടയിൽ സമാധാനം സാധ്യമാണെന്ന് മാത്രമല്ല, അത് സംഭവിക്കുമെന്നും ഞാൻ കരുതുന്നു,” നെതന്യാഹു കൂട്ടിച്ചേർത്തു.
നെതന്യാഹുവിന്റെ വാഷിംഗ്ടൺ സന്ദർശന വേളയിലാണ് അഭിമുഖം നടന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള സംയുക്ത പത്രസമ്മേളനത്തോടെയാണ് നെതന്യാഹു ഈ അഭിമുഖം ആരംഭിച്ചത്. എന്നാൽ, നെതന്യാഹുവിന്റെ പത്രസമ്മേളനത്തിന് തൊട്ടുപിന്നാലെ, പലസ്തീൻ രാഷ്ട്ര പദവി സംബന്ധിച്ച സൗദി അറേബ്യയുടെ നിലപാട് “ഉറച്ചതും അചഞ്ചലവുമാണെന്ന്” സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറപ്പെടുവിച്ചു.
Read more
“കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള സൗദി അറേബ്യയുടെ നിരന്തരമായ ശ്രമങ്ങൾ തുടരുമെന്നും അത് കൂടാതെ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.” പ്രസ്താവനയിൽ പറയുന്നു.