ഷെയ്ഖ് ഹസീനയുടെ വിദേശ യാത്രകള്‍ അനശ്ചിതത്വത്തില്‍; നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കി ബംഗ്ലാദേശ്

ആഭ്യന്തര പ്രക്ഷോഭത്തെ തുടര്‍ന്ന് രാജ്യം വിട്ട് ഇന്ത്യയില്‍ അഭയം തേടിയ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കി. ഇതോടെ ഷെയ്ഖ് ഹസീനയുടെ വിദേശയാത്രകള്‍ പ്രതിസന്ധിയിലാണ്. ഹസീനയുടെ ഭരണകാലത്തെ എംപിമാരുടെയും നയതന്ത്ര പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കാന്‍ ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ബംഗ്ലാദേശ് ആഭ്യന്തര വകുപ്പിന്റേതാണ് തീരുമാനം. രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായാണ് നയതന്ത്ര ചട്ടക്കൂട് പൊളിച്ചെഴുതുന്നത്. സാമ്പത്തിക നോബല്‍ സമ്മാനം നേടിയ മുഹമ്മദ് യൂനസ് ആണ് ബംഗ്ലാദേശിന്റെ ഇടക്കാല ഭരണാധികാരി. നിലവില്‍ ഇന്ത്യയിലാണ് ഷെയ്ഖ് ഹസീന അഭയം തേടിയിരിക്കുന്നത്.

ഇന്ത്യയിലേക്ക് വന്നതിന് പിന്നാലെ ബ്രിട്ടണിലേക്ക് പോകാനായിരുന്നു ഷെയ്ഖ് ഹസീനയുടെ തീരുമാനം. എന്നാല്‍ ബ്രിട്ടണ്‍ ഇവരെ സ്വാഗതം ചെയ്യാന്‍ തയ്യാറായിരുന്നില്ല. വിസ രഹിത യാത്രകള്‍ സാധ്യമാകുന്നതാണ് നയതന്ത്ര പാസ്‌പോര്‍ട്ട്.