പാകിസ്ഥാനിലെ ഷിയ പള്ളിയിലെ സ്‌ഫോടനം; ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു

പാകിസ്ഥാനിലെ പെഷവാറിലെ ഷിയാ പള്ളിയില്‍ നടന്ന ചാവേറാക്രമണത്തിന്റെ ഇത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്). സ്‌ഫോടനത്തില്‍ ഇതുവരെ 57 പേരുടെ മരണം സ്ഥിരീകരിച്ചു. 200 ലധികം പേര്‍ക്കാണ് പരിക്കേറ്റത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.

വെള്ളിയാഴ്ച ഖുയ്‌സ ഖവാനി ബസാറിലെ മുസ്ലീം പള്ളിയില്‍ ജുമാ നമസ്‌കാരത്തിന് ഇടയിലാണ് സ്ഫോടനം ഉണ്ടായത്. ആയുധവുമായി രണ്ടു പേര്‍ പള്ളിയിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. അക്രമികള്‍ പള്ളിക്കു പുറത്ത് പൊലീസിനുനേരെ വെടിയുതിര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് സ്‌ഫോടനമുണ്ടായതെന്ന് പെഷാവര്‍ പൊലീസ് മേധാവി മുഹമ്മദ് ഇജാസ് ഖാന്‍ പറഞ്ഞു.

വെടിവയ്പ്പില്‍ ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു. പ്രദേശത്തെ ലേഡി റീഡിങ് ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ശക്തമായി അപലപിച്ചു.

വിശ്വാസികളെ ലക്ഷ്യമിട്ട് നടത്തിയ സ്‌ഫോടനത്തെ പാകിസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷനും അപലപിച്ചു. നടന്നത് ചാവേര്‍ ആക്രമണമാണ് ഇതേ കുറിച്ച് സൂചനയൊന്നും കിട്ടിയിരുന്നില്ലെന്ന് ആഭ്യന്ത്ര ഫെഡറല്‍ മന്ത്രി ശൈഖ് റഷീദ് അഹ്‌മദ് പ്രതികരിച്ചിരുന്നു.