പൊതുസ്ഥലങ്ങളിൽ സംഗീത നിരോധിച്ച്‌ താലിബാൻ; ഇസ്ലാമിൽ നിഷിദ്ധമെന്ന് ന്യായീകരണം

അഫ്ഗാനിസ്ഥാനിലെ പൊതുസ്ഥലങ്ങളിൽ സംഗീതം നിരോധിക്കുമെന്ന് താലിബാൻ വ്യാഴാഴ്ച സ്ഥിരീകരിച്ചു. ഇസ്ലാമിൽ സംഗീതം നിഷിദ്ധമാണെന്ന് പറഞ്ഞുകൊണ്ട് താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് തന്റെ നടപടിയെ ന്യായീകരിച്ചു.

“പൊതു സ്ഥലങ്ങളിൽ സംഗീതം നിരോധിക്കും, കാരണം ഇസ്ലാമിൽ സംഗീതം നിരോധിച്ചിരിക്കുന്നു,” സബിഹുല്ല മുജാഹിദ് പറഞ്ഞു. 1996 നും 2001 നും ഇടയിൽ താലിബാൻറെ മുൻഭരണകാലത്ത് അഫ്ഗാനിസ്ഥാനിൽ സംഗീതം നിരോധിക്കപ്പെട്ടിരുന്നു. താലിബാൻ 1996 ൽ അധികാരത്തിൽ വന്നപ്പോൾ സംഗീതം പാപമായി പരിഗണിച്ചുകൊണ്ട്, എല്ലാ സംഗീതവും നിരോധിക്കുകയായിരുന്നു.

താലിബാന്റെ മുൻ സർക്കാരിന്റെ കാലത്ത് കാസറ്റ് ടേപ്പുകളും മ്യൂസിക് പ്ലെയറുകളും നശിപ്പിക്കപ്പെട്ടു. അതേസമയം, അഫ്ഗാൻ റേഡിയോ സ്റ്റേഷനുകൾ ഇസ്ലാമിക സംഗീതം കേൾപ്പിക്കാൻ തുടങ്ങിയതായാണ് റിപ്പോർട്ട്. ഉത്തരവ് താലിബാൻ നൽകിയതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

സ്‌കൂളിലേക്കും കോളേജുകളിലേക്കും ഓഫീസുകളിലേക്കും പോകാൻ സ്ത്രീകളെ അനുവദിക്കുമെന്ന് സബിഹുല്ല മുജാഹിദ് പറഞ്ഞു. എന്നാൽ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിലെ എല്ലാ സർക്കാർ, സ്വകാര്യ സർവകലാശാലകളിലും സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചുള്ള വിദ്യാഭ്യാസം താലിബാൻ നിരോധിച്ചു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരേ ക്ലാസിൽ ഇരിക്കാൻ കഴിയില്ല എന്നും അത് സമൂഹത്തിലെ എല്ലാ തിന്മകളുടെയും മൂലകാരണമാണെന്നും താലിബാൻ പറഞ്ഞു.

Read more

സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിരവധി വാഗ്ദാനങ്ങൾ പല അവസരങ്ങളിലും താലിബാൻ ഇതിനോടകം നൽകിയിട്ടുണ്ട്. അതേസമയം, കാബൂൾ പിടിച്ചടക്കിയ ഉടൻ തന്നെ താലിബാൻ സ്ത്രീകളുടെ ചിത്രങ്ങൾ ഉള്ള പോസ്റ്ററുകൾ കുമ്മായം അടിച്ചു മറച്ചു. സ്ത്രീകളെ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ അനുവദിക്കുമോ എന്ന് ഒരു വനിതാ മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് പൊട്ടിച്ചിരിയായിരുന്നു താലിബാന്റെ മറുപടി.