ലിംഗസമത്വം മടക്കിക്കെട്ടി ചൈനയുടെ പുതിയ നയം. സ്ത്രീകളിനി വീട്ടിലിരുന്നാൽ മതി. വിവാഹം കഴിച്ച്, കുട്ടികളെ പ്രസവിച്ച്, അവരെ വളർത്തി,വൃദ്ധരെ പരിപാലിച്ചാണ് രാജ്യത്തെ സ്ത്രീകൾ ഇനി കഴിയേണ്ടത്. കഴിഞ്ഞദിവസം ബീജിങ്ങില്‍ സമാപിച്ച നാഷണല്‍ വിമന്‍സ് കോണ്‍ഗ്രസിലാണ് ഒരു വലിയ നയംമാറ്റം പ്രഖ്യാപിച്ചത്. പ്രഖ്യാപനം നടത്തിയതോ ചൈനയുടെ ശക്തനായ പ്രസിഡന്റ് ഷീ ചിൻപിങ് തന്നെ.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഉയർത്തിക്കാട്ടിയിരുന്ന ലിംഗസമത്വം എന്ന മുദ്രാവാക്യമാണ് പുതിയ നയപ്രഖ്യാപനത്തിലൂടെ ചവറ്റുകുട്ടയിൽ വലിച്ചെറിഞ്ഞത്. ഇത്തരമൊരു നീക്കത്തിനു പിറകിൽ എന്താണ് കാരണമെന്നാണ് ലോകം മുഴുവൻ ഉറ്റു നോക്കുന്നത്. ജനസംഖ്യാ പ്രതിസന്ധിയെന്ന ചൈന നേരിടുന്ന വെല്ലുവിളിയെ നേരിടാനുള്ള നീക്കമാണോ ഇതെന്ന് നിരീക്ഷകർ ചിന്തിക്കുന്നു.
ജനസംഖ്യാകണക്കിൽ ചൈനയെ പിന്തള്ളി ഇന്ത്യ മുന്നിലെത്തിയിരുന്നു. അത് ആശ്വാസമല്ല ഭീതിയാണ് ചൈനയ്ക്ക് നൽകിയത്. കാരണം രാജ്യത്ത് മരണനിരക്കിനേക്കാൾ ജനനനിരക്ക് കുറയുകയായിരുന്നു.സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തണമെങ്കില്‍ തൊഴിലെടുക്കാന്‍ ജനങ്ങള്‍ വേണം. അടുത്ത് പത്തുവർഷത്തിനുശേഷം രാജ്യത്തെ ജനങ്ങളെ പരിരക്ഷിക്കാൻ പണം കണ്ടെത്തുക എന്ന വെല്ലുവിളിയും രാജ്യം നേരിടുന്നുണ്ട്. ഇതിനു പരിഹാരമെന്നോണമാണ് നാഷണൽ വിമൺ കോൺഗ്രസിൽ സ്ത്രീകളെ കുടുംബ പരിചരണത്തിലേക്ക് കൂടുതൽ സജീവമാക്കുന്നതിനുള്ള നയപ്രഖ്യാപനം നടന്നത്.
“വിവാഹത്തെയും കുട്ടികളുണ്ടാകേണ്ടതിന്റെയും കുടുംബത്തെയും കുറിച്ച് യുവതലമുറയ്ക്ക് കൃത്യമായകാഴ്ചപ്പാടുണ്ടാക്കാന്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ശക്തിപ്പെടുത്തണം. ജനസംഖ്യ വര്‍ധിപ്പിക്കാനുള്ള നയം കുറവുകള്‍ തീര്‍ത്ത് നടപ്പാക്കാനും നിലവാരമുള്ള ജനതയെ വികസിപ്പിക്കാനും രാജ്യത്തെ വനിതാ സംഘടന മുന്‍കൈയെടുക്കണം. വയോധികരുടെ സംഖ്യ വര്‍ധിക്കുന്നത് കണക്കിലെടുത്ത് അവരുടെ പരിചരണത്തിനും വേണ്ട നിലപാടുകളും കൈക്കൊള്ളണം എന്നാണ് ” നാഷണല്‍ വിമന്‍സ് കോണ്‍ഗ്രസില്‍ ഷീ ചിന്‍പിങ് പറഞ്ഞത്.
Read more
മാര്‍ഗനിര്‍ദേശങ്ങള്‍ ശക്തിപ്പെടുത്തണം, നിലപാടുകളും കൈക്കൊള്ളണം, മുന്‍കൈയെടുക്കണം. എന്നെല്ലാം ആലങ്കാരികമായി പറഞ്ഞെങ്കിലും കാര്യം പകൽ പോലെ വ്യക്തമാണ്. വിവാഹം, കുട്ടികള്‍ക്ക് ജന്മം നല്‍കല്‍, വീട്ടുജോലികള്‍, വൃദ്ധജന പരിപാലനം എന്നീ കാര്യങ്ങള്‍ ചെയ്താല്‍ മതി എന്നുതന്നെ. ചുരുക്കി പറഞ്ഞാൽ പൊതു രംഗത്തു നിന്നും തൊഴിലിടങ്ങളിൽ നിന്നും മാറി നിൽക്കണമെന്ന് ചുരുക്കം . അങ്ങനെയല്ല എന്ന് ന്യായീകരിച്ചാലും മേൽപറഞ്ഞ സംഗതികൾക്കെല്ലാം സ്ത്രീകൾ മുൻകൈയെടുക്കണമെന്ന് തന്നെയാണ് ചുരുക്കം. കമ്മ്യൂണിസ്റ്റ് പാർട്ടി ഉർത്തിപ്പിടിച്ച ലിംഗസമത്വം ഇല്ലാതായതിനെ ഇനി എന്തുപറഞ്ഞ് പ്രതിരോധിക്കുമെന്ന് കണ്ടെറിയണം