ട്രംപിന്റെ വ്യാപാര യുദ്ധത്തെ "മണ്ടത്തരം" എന്ന് ട്രൂഡോ; യുഎസിന് 25% തീരുവ ചുമത്തി കാനഡ

കാനഡയിൽ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക ഏർപ്പെടുത്തിയ അമിതമായ തീരുവകൾക്കെതിരെ പോരാടുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ട്രംപിന്റെ ഈ നീക്കത്തെ അദ്ദേഹം “ഒരു വ്യാപാര യുദ്ധം” എന്നാണ് വിശേഷിപ്പിച്ചത്. അത് “ആദ്യമായും പ്രധാനമായും അമേരിക്കൻ കുടുംബങ്ങളെ ദോഷകരമായി ബാധിക്കും”. കാനഡക്കാർ “ന്യായബോധമുള്ളവരും” “മര്യാദയുള്ളവരും” ആണെന്നും എന്നാൽ പ്രത്യേകിച്ച് രാജ്യത്തിന്റെ ക്ഷേമം അപകടത്തിലായിരിക്കുമ്പോൾ ഒരു പോരാട്ടത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും ട്രൂഡോ ഊന്നിപ്പറഞ്ഞു.

ചൊവ്വാഴ്ച പാർലമെന്റ് ഹില്ലിൽ സംസാരിക്കവെ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ വിമർശിച്ചുകൊണ്ട് ട്രൂഡോ പറഞ്ഞു, തീരുവകൾ “വളരെ മണ്ടത്തരമാണ്”. അടുത്ത സഖ്യകക്ഷിയും പങ്കാളിയുമായ കാനഡയ്ക്ക് മേൽ തീരുവ ചുമത്തുമ്പോൾ, ട്രൂഡോ “കൊലയാളിയും സ്വേച്ഛാധിപതിയും” എന്ന് വിശേഷിപ്പിച്ച വ്‌ളാഡിമിർ പുടിനൊപ്പം ട്രംപ് പ്രവർത്തിക്കുന്നതിന്റെ യുക്തിയെയും അദ്ദേഹം ചോദ്യം ചെയ്തു. “ഇന്ന് അമേരിക്ക അവരുടെ ഏറ്റവും അടുത്ത പങ്കാളിയും സഖ്യകക്ഷിയും, ഏറ്റവും അടുത്ത സുഹൃത്തുമായ കാനഡയ്‌ക്കെതിരെ ഒരു വ്യാപാരയുദ്ധം ആരംഭിച്ചിരിക്കുന്നു.” ട്രൂഡോ പറഞ്ഞു.

യുഎസ് താരിഫുകൾക്ക് മറുപടിയായി, കാനഡ 155 ബില്യൺ ഡോളർ മൂല്യമുള്ള അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 25% തീരുവ ഏർപ്പെടുത്തും. 30 ബില്യൺ ഡോളർ മൂല്യമുള്ള സാധനങ്ങളിൽ ഉടനടി ആരംഭിക്കും. ബാക്കി 125 ബില്യൺ ഡോളർ മൂല്യമുള്ള സാധനങ്ങൾ 21 ദിവസത്തിനുള്ളിൽ തീരുവ ചുമത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ലംഘനം ചൂണ്ടിക്കാട്ടി, യുഎസിന്റെ “നിയമവിരുദ്ധ നടപടികൾ” അല്ലെങ്കിൽ താരിഫുകൾ ലോക വ്യാപാര സംഘടനയിൽ വെല്ലുവിളിക്കാനുള്ള പദ്ധതികളും ട്രൂഡോ പ്രഖ്യാപിച്ചു.