രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം പ്രോത്സാഹിപ്പിക്കില്ല; യുക്രൈനും റഷ്യയും ശത്രുത അവസാനിപ്പിക്കണമെന്ന് രുചിര കാംബോജ്; ഐക്യരാഷ്ട്ര സഭയില്‍ വോട്ടിടാത്തില്‍ ഇന്ത്യ

രാജ്യങ്ങള്‍ പരസ്പരം യുദ്ധം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യയില്ലെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ്. അതിനാലാണ് യുക്രയിന്‍- റഷ്യ യുദ്ധത്തെക്കുറിച്ച് ഐക്യരാഷ്ട്ര സഭയില്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടുനിന്നത്. പരസ്പരമുള്ള ശത്രുത അവസാനിപ്പിച്ച് ഇരുരാജ്യങ്ങളും ചര്‍ച്ചയിലൂടെ നയതന്ത്രപരമായി പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. ശാശ്വത സമാധാനം ഉറപ്പാക്കുക എന്ന ലക്ഷ്യമാണ് ഇന്ത്യ ആഗ്രഹിക്കുന്നത് അതിനാലാണ് വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടു നില്‍ക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

റഷ്യയെ പിണക്കാതെയും ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലി കൊണ്ടുവന്ന പ്രമേയത്തില്‍ നിന്ന്് ഇന്ത്യവിട്ടു നിന്നതില്‍ വിശദീകരണം നല്‍കുകയായിരുന്നു അവര്‍. യുക്രൈനില്‍ യുന്‍ ചാര്‍ട്ടറിന്റെ തത്വങ്ങള്‍ക്ക് അനുസരിച്ച് എത്രയും വേഗം സമഗ്രവും ശ്വാശ്വതവും നീതിപൂര്‍വ്വവുമായ സമാധാനം സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഇന്നലെയാണ് യു.എന്‍ പരിഗണിച്ചത്. യുക്രൈനും അതിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുമാണ് പ്രമേയം കൊണ്ടുവന്നത്. പ്രമേയം യു.എന്‍ അംഗീകരിച്ചു.

Read more

193 അംഗ ജനറല്‍ സഭയില്‍ പ്രമേയത്തെ 141 പേര്‍ അനുകൂലിച്ചപ്പോള്‍ ഏഴ് രാജ്യങ്ങള്‍ എതിര്‍ത്തു. ഇന്ത്യയടക്കം 32 രാജ്യങ്ങള്‍ വിട്ടുനിന്നു. യുക്രൈന്റെ സമാരാധികാരവും സ്വാതന്ത്ര്യവും ഐക്യവും ഭൂമിശാസ്ത്രപരമായ അഖണ്ഡതയും അംഗീകരിക്കണമെന്നും റഷ്യ നിരുപാധികം സൈനിക ശക്തി പിന്‍വലിക്കണമെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഫ്രെബുവരി 24നാണ് യുക്രൈന്‍- റഷ്യ യുദ്ധം ആരംഭിച്ചത്. പൊതുസഭയിലും രക്ഷാ സമിതിയിലും മനുഷ്യാവകാശ കൗണ്‍സിലിലുമടക്കം നിരവധി പ്രമേയങ്ങള്‍ ഇതിനകം യു.എന്നില്‍ എത്തി.