ലോകത്തിലെ തന്നെ ഏറ്റവും വൃത്തിയുള്ള രാജ്യങ്ങളിലൊന്നാണ് ദുബായ്. മാലിന്യനിർമ്മാർജ്ജനത്തിനും ശുചീകരണത്തിനുമായി കർശനമായ നിർദേശങ്ങളാണ് ഭരണകൂടം നൽകിയിരിക്കുന്നത്. നഗരസഭകൾ അത് കൃത്യമായി നടപ്പാക്കുകയും ചെയ്യുന്നുണ്ട്.
ഇപ്പോഴിതാ നഗരത്തിൽ ഭക്ഷ്യ സുരക്ഷയും പരിസര ശുചീകരണവും ഉറപ്പു വരുത്തുകയാണ് ദുബായ് മുനിസിപ്പാലിറ്റി. ശുചീകരണം ഉറപ്പാക്കാൻ ഉദ്യോഗസ്ഥരെ വിവിധ സംഘങ്ങളായി തിരിച്ച് വിന്യസിച്ചിരിക്കുകയാണ്. വിനോദ കേന്ദ്രങ്ങളിലും പാർക്കുകളിലും പരിശോധന ശക്തമാക്കി.പെരുന്നാൾ ആഘോഷങ്ങൾ നടന്ന് പശ്ചാത്തലത്തിലാണ് കൂടുതൽ പരിശോധനകൾ.
പെരുന്നാൾ അവധി ദിവസങ്ങളിൽ ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്നവർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നു മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ ഉറപ്പു വരുത്തും. ഹൈപ്പർ മാർക്കറ്റുകൾ, ബേക്കറികൾ, ചോക്ലേറ്റ് ഷോപ്പുകൾ, റസ്റ്ററന്റുകൾ എന്നിവിടങ്ങളിൽ നാളെ വരെ പരിശോധന തുടരും. ഇവിടങ്ങളിൽ ജോലി ചെയ്യുന്നവരുടെ വ്യക്തി ശുചിത്വം പരിശോധിച്ച് ഉറപ്പാക്കും.
നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ ഫ്രൂട്സ് ആൻഡ് വെജിറ്റബിൾ മാർക്കറ്റ്, വാട്ടർ ഫ്രണ്ട് മാർക്കറ്റ്, മറ്റു ഹൈപ്പർ മാർക്കറ്റ് എന്നിവിടങ്ങളിലും ഊർജിത പരിശോധനയാണ് ഈ ദിവസങ്ങളിൽ നടക്കുന്നത്. അറവുശാലകളുടെ പ്രവർത്തന സമയം രാവിലെ 7 മുതൽ ഉച്ചയ്ക്കു രണ്ടുവരെയാക്കി. അംഗീകൃത അറവുശാലകൾക്ക് പുറത്ത് മൃഗങ്ങളെ അറക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതാണ്.
പുറത്ത് അറക്കുന്ന മാംസം വാങ്ങുന്നതിനെതിരെ ബോധവൽക്കരണവും ആരംഭിച്ചിട്ടുണ്ട്. ആഘോഷവുമായി ബന്ധപ്പെട്ടു മാലിന്യം കൂടുതലായി വരുന്ന സാഹചര്യത്തിൽ പൊതുവിടങ്ങളിൽ മാലിന്യ സംസ്കരണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചു. സമൂഹ ഈദ് ഗാഹുകളിൽ കൂടുതൽ മാലിന്യ സംഭരണികൾ സ്ഥാപിച്ചിരുന്നു. മൊത്തം 2250 ശുചീകരണ തൊഴിലാളികളെയാണ് നഗര ശുചീകരണത്തിനായി നിയോഗിച്ചിരുന്നത്.
ജനങ്ങൾ കൂടുതലായി എത്തുന്ന ബീച്ചുകളിൽ വൃത്തി ഉറപ്പാക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനം ഏർപ്പെടുത്തി. മൊത്തം 2300 കിലോമീറ്റർ ദൂരത്തെ ശുചിത്വമാണ് ഇവർ ഉറപ്പിക്കുന്നത്. അവധി ദിവസങ്ങളിൽ പാർക്കുകളുടെ സമയത്തിലും മാറ്റം വരുത്തിയിരുന്നു.
Read more
ദുബായ് സഫാരി പാർക്ക് രാവിലെ 10 മുതൽ 6 വരെയും മുഷ്റിഫ് നാഷനൽ പാർക്കിലെ മൗണ്ടെയ്ൻ ബൈക്ക് ട്രാക്ക് രാവിലെ 6.30 മുതൽ വൈകുന്നേരം 6 വരെയും, ക്രീക്ക് പാർക്ക്, മംസർ പാർക്ക്, സബീൽ പാർക്ക്, സഫാ പാർക്ക്, മുഷ്റിഫ് നാഷനൽ പാർക്ക് എന്നിവ രാവിലെ 8 മുതൽ രാത്രി 11വരെയും ഖുറാനിക് പാർക്ക് രാവിലെ 8 മുതൽ രാത്രി 10വരെയും ദുബായ് ഫ്രെയിം രാവിലെ 9 മുതൽ രാത്രി 9വരെയും പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.