പൊതുവെ ഗൾഫ് രാജ്യങ്ങളെല്ലാം തന്നെ ഇപ്പോൾ പ്രവാസികൾക്ക് എല്ലാ സൗകര്യവും ഒരുക്കുന്നുണ്ട്. കുവൈത്തും അക്കാര്യത്തിൽ ഒട്ടും പിറകിലല്ല. ഇപ്പോഴിതാ സമ്പന്നരായ പ്രവാസികളെ രാജ്യത്ത് നിലനിർത്തുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് പുതിയ നിയമ പരിഷ്കാരത്തിനൊരുങ്ങുകയാണ് കുവൈത്ത്.
കുവൈത്തിൽ വിദേശികൾക്ക് സ്വന്തം പേരിൽ അപ്പാർട്മെന്റ് വാങ്ങാൻ അനുമതി നൽകുവാനാണ് ആലോചനകൾ നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മന്ത്രിതല സമിതി നിർദേശം മന്ത്രിസഭയുടെ പരിഗണനയിലാണ്. നിർദേശത്തിനു അംഗീകാരം ലഭിച്ചാൽ വിദേശികൾക്ക് 350 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ കവിയാത്ത അപ്പാർട്മെന്റ് സ്വന്തമാക്കാം. അപേക്ഷകൻ കുവൈത്തിൽ നിയമാനുസൃത താമസക്കാരനാകണം, സ്വന്തം പേരിൽ വേറെ അപാർട്മെന്റ് ഉണ്ടാകരുത്, വിശ്വാസ വഞ്ചന പോലുള്ള കേസുകളിൽ കോടതി ശിക്ഷിച്ച ആളാകരുത് എന്നിവയാണ് പ്രധാന നിബന്ധന.
Read more
ജൂൺ 6ന് നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിനുശേഷം രൂപീകരിക്കുന്ന മന്ത്രിസഭയിൽ നിർദേശം ചർച്ച ചെയ്ത് തീരുമാനം എടുക്കും. പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കും. രാജ്യത്തെക്കു കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുക എന്ന ലക്ഷ്യവും ഇതിനു പിറകിലുണ്ട്. കുവൈത്തിലെ 13000 കെട്ടിടങ്ങളിലായി 3.2 ലക്ഷം അപ്പാർട്മെന്റുകളുണ്ട്.