ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബോളറാണ് ഇന്ത്യൻ താരമായ ജസ്പ്രീത് ബുംറ. ടീം തോൽവി മുൻപിൽ കാണുന്ന സമയത്ത് ക്യാപ്റ്റൻ രോഹിത് ശർമ്മ 93 ആം നമ്പർ ജേഴ്‌സി അണിഞ്ഞ കളിക്കാരനെ ഇറക്കി വിടും. പിന്നെ എതിരാളികളെ സംഹരിച്ചിട്ടേ അദ്ദേഹം നിർത്തു. അതിന് ഉത്തമ ഉദാഹരണമാണ് ഈ വർഷം നടന്ന ടി-20 ലോകകപ്പ്. പ്രയാസമായ മത്സരം എളുപ്പമാക്കി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച താരമാണ് ജസ്പ്രീത് ബുംറ.
പെർത്തിൽ നടന്ന ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റിൽ ഇന്ത്യക്ക് വേണ്ടി നിർണായകമായ പ്രകടനം കാഴ്ച വെച്ച നായകനായ ജസ്പ്രീത് ബുംറയായിരുന്നു. ബോൾ കൊണ്ട് മാത്രമല്ല ക്യാപ്റ്റൻസി കൊണ്ട് ഓസ്‌ട്രേലിയയെ തകർക്കാനുള്ള പദ്ധതികൾ കൊണ്ടും അദ്ദേഹം നിറഞ്ഞാടുകയായിരുന്നു. താരത്തിന്റെ ക്യാപ്റ്റൻസി മികവിനെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് ഇന്ത്യൻ താരം ചേതേശ്വര്‍ പുജാര.
ചേതേശ്വര്‍ പുജാര പറയുന്നത് ഇങ്ങനെ:
“ഇന്ത്യയുടെ ദീര്‍ഘകാല നായകനാവാന്‍ ബുംറ മികച്ച ഓപ്ഷനാണെന്ന് ഒരു സംശയവുമില്ലാതെ പറയാം. ന്യൂസിലാന്‍ഡിനെതിരെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പര കൈവിട്ട്, വളരെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെയാണ് ടീം ഇന്ത്യ കടന്നുപോയിരുന്നത്. എന്നാല്‍ ആ ഘട്ടത്തില്‍ പോലും മികച്ച പ്രകടനം കാഴ്ച വെക്കുന്നതില്‍ അദ്ദേഹം ടീമിനെ പ്രാപ്തമാക്കി”
ചേതേശ്വര്‍ പുജാര തുടർന്നു:
“ടീമിനെ നയിക്കാന്‍ അദ്ദേഹത്തിന് ഇനിയും സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു ടീം മാനാണ് ബുംറ. ഒരിക്കല്‍ പോലും തന്നെക്കുറിച്ച് ബുംറ സംസാരിക്കാറില്ലെന്ന് അദ്ദേഹത്തെ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. ടീമിനെ കുറിച്ചും മറ്റുതാരങ്ങളെ കുറിച്ചും മാത്രമാണ് അദ്ദേഹം എപ്പോഴും സംസാരിച്ചുകണ്ടിട്ടുള്ളത്” ചേതേശ്വര്‍ പുജാര പറഞ്ഞു.