'ആരാണ് ഈ കുട്ടി, എന്താണ് അവന്‍ ഇറങ്ങാത്തത്'; പോണ്ടിംഗിനെ അതിശയിപ്പിച്ച യുവ പ്രതിഭ

ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ താരോദയമാണ് വെങ്കടേഷ് അയ്യര്‍. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടി നടത്തിയ ഉശിരന്‍ പ്രകടനമാണ് വെങ്കടേഷിനെ ദേശീയ ശ്രദ്ധയില്‍കൊണ്ടുവന്നത്. ഇപ്പോഴിതാ ഇന്ത്യന്‍ ടീമിലും താരം ഇടംപിടിച്ചിരിക്കുന്നു. വെങ്കടേഷിനെ ആദ്യമായി കണ്ടതിന്റെ ഓര്‍മ്മ പങ്കുവയ്ക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ കോച്ചുമായ റിക്കി പോണ്ടിംഗ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടി ഐപിഎല്ലിന്റെ രണ്ടാം പകുതിയില്‍ ഓപ്പണ്‍ ചെയ്ത വെങ്കടേഷ് അയ്യര്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രതിഭയാണ്. ആദ്യ പകുതിയില്‍ അവന്‍ കളിച്ചിരുന്നില്ല. കുറച്ച് ഓവറുകള്‍ മാത്രമേ ഐപിഎല്ലില്‍ എറിയുകയും ചെയ്തുള്ളു.ഐപിഎല്ലിന്റെ ഒന്നാം ഘട്ടത്തില്‍ വെങ്കടേഷ് നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്നതു കണ്ടു. കെ.കെ.ആര്‍. കോച്ച് ബ്രണ്ടന്‍ മക്കല്ലത്തോട് ഈ പയ്യന്‍ ആരാണെന്നും എന്താണ് അവനെ കളിപ്പിക്കാത്തതെന്നും ചോദിച്ചു. ഇപ്പോള്‍ വെങ്കടേഷിനെ കളത്തിലിറക്കാനാവില്ലെന്നായിരുന്നു മക്കല്ലത്തിന്റെ മറുപടി- പോണ്ടിംഗ് പറഞ്ഞു.

ഇടവേളയ്ക്കുശേഷം ഐപിഎല്‍ പുനരാരംഭിച്ചപ്പോള്‍ എങ്ങനെ കളിക്കണമെന്നത് സംബന്ധിച്ച് തികച്ചും വ്യത്യസ്തമായ സിദ്ധാന്തവുമായാണ് കൊല്‍ക്കത്ത എത്തിയത്. ബ്രണ്ടന്റെ ബാറ്റിംഗ് പോലെ ആക്രമണോത്സുകമായിരുന്നു അത്. അതുകൊണ്ട് വെങ്കടേഷിനെ അവര്‍ ടോപ് ഓര്‍ഡറില്‍ ഇറക്കി. അയാള്‍ നന്നായി കളിക്കുകയും ചെയ്തു- പോണ്ടിംഗ് കൂട്ടിച്ചേര്‍ത്തു.