IPL 2025: ആ ടീം ഇനി മാറുമെന്ന് തോന്നുന്നില്ല, എന്തൊക്കെയാ ഈ കാണിച്ചുകൂട്ടുന്നത്‌, ഇനിയൊരു തിരിച്ചുവരവുണ്ടാവില്ല, വിമര്‍ശനവുമായി ആകാശ് ചോപ്ര

ഐപിഎല്ലില്‍ ഈ വര്‍ഷം തുടര്‍ച്ചയായ പരാജയങ്ങളിലൂടെ പോയിന്റ് ടേബിളില്‍ താഴേക്ക് പോയ ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. കഴിഞ്ഞ സീസണില്‍ ഫൈനല്‍ കളിച്ച ടീമിന് ഇത്തവണ എന്തുപറ്റിയെന്നാണ് എല്ലാവരും ചോദിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിനെതിരെ ആദ്യ മത്സരത്തില്‍ കൂറ്റന്‍ സ്‌കോര്‍ നേടി ജയിച്ച ശേഷം പിന്നീട് കളി മറക്കുന്ന കാഴ്ചയാണ് അവരില്‍ നിന്നുണ്ടായത്. ലഖ്‌നൗവിനോടും ഡല്‍ഹി ക്യാപിറ്റല്‍സിനോടും കൊല്‍ക്കത്തയോടുമെല്ലാം പാറ്റ് കമ്മിന്‍സ് നയിക്കുന്ന ടീം എട്ടുനിലയില്‍ പൊട്ടി. ഇന്ന് ഗുജറാത്ത് ടൈറ്റന്‍സുമായാണ് സണ്‍റെസൈഴ്‌സിന്റെ മത്സരം.

അതിനിടെ ഹൈദരാബാദിന്റെ തുടര്‍ച്ചയായ പരാജയങ്ങളില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.ശക്തമായ ഒരു ബാറ്റിങ് നിരയുളള ടീം ഇത്തരമൊരു സാഹചര്യത്തില്‍ വരുമെന്ന് കരുതിയില്ലെന്ന് ആകാശ് ചോപ്ര പറയുന്നു. “ഹൈദരാബാദ് നിങ്ങള്‍ എന്താണീ കാണിച്ചുകൂട്ടുന്നത്. മൂന്ന് മത്സരങ്ങളാണ് നിങ്ങള്‍ അടുപ്പിച്ചു തോറ്റത്.രണ്ട് മത്സരങ്ങള്‍ തോറ്റാലും ഒരു ടീമിന് അത് കൈകാര്യം ചെയ്യാന്‍ കഴിയും. എന്നാല്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ തോറ്റാല്‍ നിങ്ങള്‍ അഴുക്കുചാലിലേക്ക് പോകുകയാണെന്ന് നിങ്ങള്‍ മനസിലാക്കണം.

അതില്‍ നിന്ന് പുറത്തുവരാന്‍ അല്‍പ്പം ബുദ്ധിമുട്ടായിരിക്കും, ചോപ്ര പറഞ്ഞു. ഇത്തരത്തിലുളള ഒരു ബാറ്റിങ് നിര ഇങ്ങനെ ഒരു സാഹചര്യത്തില്‍ വരുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. ഉയരത്തില്‍ പറന്നുയരുന്ന ട്രാവിഷേക് സഖ്യം ക്രാഷ് ലാന്‍ഡ് ചെയ്യുമെന്നും കരുതിയില്ല. ഹൈദരാബാദ് ഇനി അവരുടെ കളിരീതി മാറ്റുമോ എന്നതാണ് എറ്റവും വലിയ ചോദ്യം. എന്നാല്‍ അവര്‍ ഇനി മാറുമെന്ന് ഞാന്‍ കരുതുന്നില്ല, ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.